
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ. വൈകുന്നേരത്തോടെ ഭേദപ്പെട്ട മഴ പെയ്തിറങ്ങിയത്. വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴ ലഭിച്ചേയ്ക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴയ്ക്ക് പിന്നാലെ കനത്ത നാശ നഷ്ടങ്ങളും വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ആലപ്പുഴ പൂച്ചാക്കലില്‍ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് വൃന്ദാ ഭവനില്‍ (പൊരിയങ്ങനാട്ട്) മല്ലിക (53)ആണ് മരിച്ചത്. മല്ലിക വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് കാറ്റില്‍ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണത്.
തിരുവനന്തപുരം പാറശാല അഞ്ചാലിക്കോണത്ത് ശക്തമായ കാറ്റില്‍ പള്ളിയുടെ മേല്‍ക്കൂര തര്‍ന്നു വീണു. വിശുദ്ധ ദേവസഹായം പിള്ള പള്ളിയുടെ മേല്‍ക്കൂരയാണ് തര്‍ന്നു വീണത്. ഇടുക്കി പന്നിയാര്‍കുട്ടിയില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. കൊള്ളിമല സെന്റ് മേരീസ് യു.പി സ്‌കൂളിന്റെ ഓടുകള്‍ കാറ്റില്‍ പറന്നു പോയി. അധ്യാപകര്‍ കുട്ടികളെ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയതിനാല്‍ ആളപായമുണ്ടായില്ല.
തൃശ്ശൂര്‍ മാളയില്‍ കനത്ത കാറ്റില്‍ കുന്നത്തുകാട് മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൊടകര നന്തിപുലം സ്വദേശി വിഷ്ണു(30)വിനാണ് പരിക്കേറ്റത്.
Post Your Comments