KeralaLatest NewsNews

പെൺകുട്ടിയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചു; സന്ധ്യക്ക് വീണ്ടും കഠിന തടവ്, ശിക്ഷ അനുഭവിക്കുന്നത് 3 പോക്‌സോ കേസുകളില്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവതിക്ക് വീണ്ടും കഠിന തടവ്. പോക്‌സോ കോടതിയാണ് യുവതിക്ക് ശിക്ഷ വിധിച്ചത്. കഠിന തടവിനൊപ്പം പിഴയും വിധിച്ചിട്ടുണ്ട്. വീണകാവ് അരുവിക്കുഴി മുരിക്കറ കൃപാലയത്തില്‍ സന്ധ്യയ്ക്കാണ് (31) വീണ്ടും ശിക്ഷ ലഭിച്ചത്. കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേശ് കുമാറിന്റേതാണ് വിധി. മൂന്ന് പോക്‌സോ കേസുകളിലാണ് നിലവില്‍ സന്ധ്യ ശിക്ഷ അനുഭവിക്കുന്നത്.

വിവിധ വകുപ്പുകളിലായി ഒന്‍പതര വര്‍ഷം കഠിന തടവും 40,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ ഏഴുമാസം അധിക കഠിന തടവു കൂടി അനുഭവിക്കണം എന്ന് കോടതി വിധിയില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഡി.ആര്‍ പ്രമോദ് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 22 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകളും, ഒരു തൊണ്ടി മുതലും ഹാജരാക്കുകയും ചെയ്തു. അന്നത്തെ കാട്ടാക്കട സബ് ഇന്‍സ്‌പെക്ടര്‍ ഡി.ബിജു കുമാര്‍, ഡിവൈ.എസ് പി.കെ അനില്‍കുമാര്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

2016ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ അവധി സമയത്ത് ബന്ധു വീട്ടിലെത്തിയ പെണ്‍കുട്ടിയെയാണ് സന്ധ്യ ലൈംഗികമായി പീഡിപ്പിച്ചത്. വീട്ടിലെത്തി പെണ്‍കുട്ടിയെ പരിചയപ്പെടുകയും സൗഹൃദം സ്ഥാപിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് കുളിക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ എടുക്കുകയും കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മാല വാങ്ങുകയും ചെയ്തു. മറ്റൊരു ദിവസം സ്‌കൂളിന്റെ മുന്നില്‍ നിന്ന് സുഹൃത്തിനൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി അരുവിക്കുഴിയിലെ വീട്ടിലെത്തിച്ചു. ശേഷം മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. കേസിലെ രണ്ടാം പ്രതി വിചാരണ സമയത്ത് മരണപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു കേസിലും കാട്ടാക്കട പോക്‌സോ കോടതി സന്ധ്യയെ ശിക്ഷിച്ചിരുന്നു. ആലപ്പുഴ ജില്ലാ കോടതിയും മറ്റൊരു കേസില്‍ സന്ധ്യയെ ശിക്ഷിച്ചിരുന്നു. ഈ കേസുകളിലും സന്ധ്യ ശിക്ഷ അനുഭവിച്ചു വരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button