തിരുവനന്തപുരം: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ് അന്വേഷിച്ച സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു. കേസ് അന്വേഷിച്ച പോലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. മുൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും നിലവിൽ വി ഐ പി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇവർക്ക് പരമാവധി ശിക്ഷ നൽകുന്നതായി കോടതി വിധിച്ചു. വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് ബിജെപി നേതാവിനെ അരുംകൊല ചെയ്തവർക്കാണ് പരമാവധി ശിക്ഷ ലഭിച്ചിരിക്കുന്നത്. പ്രതികൾ യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ലെന്ന് കോടതി വിധിപ്രസ്താവനത്തിൽ വ്യക്തമാക്കി.
കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാവിധി കേൾക്കാനായി രഞ്ജിത് ശ്രീനിവാസന്റെ അമ്മയും ഭാര്യയും മക്കളും കോടതിയിൽ എത്തിയിരുന്നു. ഒരാളെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾ വധശിക്ഷ നൽകുന്നത് അത്യപൂർവ്വമാണ്. വിധി കേൾക്കാനായി 14 പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഒരു പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്. രഞ്ജിത് ശ്രീനിവാസൻ വധക്കേസ് അപൂർവ്വങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയാണ് പ്രതികൾക്ക് വധശിക്ഷ നല്കിയിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ 2021 ഡിസംബർ 19 ന് രാവിലെയാണ് കൊലപ്പെടുത്തുന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ ചുറ്റിക കൊണ്ട് അടിച്ചും വാളുകളും മഴുവും കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നിൽ വച്ചായിരുന്നു അതിക്രൂരമായ കൊലപാതകം. സംഭവത്തിന് തലേദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ മണ്ണഞ്ചേരിയിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ ഒന്നു മുതൽ 15 വരെയുള്ള പ്രതികൾ. ഒന്നു മുതൽ 12 വരെയുള്ള പ്രതികൾ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്നാണ് കണ്ടെത്തൽ. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.
13 മുതൽ 15 വരെയുള്ള പ്രതികൾ കൊലയാളികൾക്ക് സഹായം നൽകിയവരാണ്. ഇവരുൾപ്പെടെയുള്ള ബാക്കി പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വയലാർ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോൾ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.
അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികൾ നിരോധിത തീവ്രവാദസംഘത്തിലെ അംഗങ്ങളും കൊലചെയ്യാൻ പരിശീലനം ലഭിച്ചവരുമാണ്. ഇവർ പുറത്തിറങ്ങിയാൽ നാടിന് ആപത്താണെന്നും അതിനാൽ മാതൃകാപരമായ ശിക്ഷ നൽകണമെന്നും കഴിഞ്ഞ തിങ്കളാഴ്ച നടന്ന വാദത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് ഒരാളെ അതിക്രൂരമായി കൊലപ്പെടുത്തിയത് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യത്തിന്റെ പരിധിയിൽവരുമെന്നും പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. ഈ വാദമാണ് കോടതി വിധിയിലൂടെ അംഗീകരിച്ചതും.
വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ പൊലീസ് കനത്ത ജാഗ്രതയിലാണ്. കോടതി പരിസരത്തും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ആലപ്പുഴ ഡിവൈഎസ്‌പിയായിരുന്ന എൻആർ ജയരാജ് ആണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറിൽപ്പരം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സി.സി.ടി.വി. ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ തുടങ്ങിയ തെളിവുകളും കേസിൽ പ്രോസിക്യൂഷൻ ആശ്രയിച്ചു.
പ്രോസിക്യൂഷൻ 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറിൽപരം തൊണ്ടിമുതലുമാണ് തെളിവായി ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ ആണ് കോടതിയിൽ ഹാജരായത്. പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയ ജുഡീഷ്യൽ ഓഫീസർമാർ, ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയനേതാക്കൾ എന്നിങ്ങനെ വിവിധമേഖലയിലുള്ള സാക്ഷികളെയാണ് കോടതിയിൽ പ്രോസിക്യൂഷൻ വിസ്തരിച്ചത്. കേസിലെ 15 പ്രതികളെ വിചാരണക്കോടതി ജഡ്ജി ക്രിമിനൽനടപടിനിയമം 313-ാം വകുപ്പ് പ്രകാരം ചോദ്യംചെയ്ത് ആറായിരത്തോളം പേജുകളിലാണ് മൊഴികൾ രേഖപ്പെടുത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പാ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് കോടതിയിൽ ഹാജരായത്.
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ കൊലപാതകക്കുറ്റം കൂടാതെ, പ്രതികൾക്കെതിരേ ചുമത്തപ്പെട്ട മറ്റു കുറ്റകൃത്യങ്ങൾ ഇങ്ങനെ: മാരകായുധങ്ങളുമായിവീട്ടിലേക്ക് അതിക്രമിച്ചുകയറിയതിന് ഒന്നുമുതൽ എട്ടുവരെ പ്രതികൾ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 449 വകുപ്പുപ്രകാരം കുറ്റക്കാരാണ്. വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കടന്നതിന് ഒൻപതുമുതൽ 12 വരെ പ്രതികൾ 447 വകുപ്പുപ്രകാരവും കുറ്റക്കാരാണ്.
Post Your Comments