വയനാട് കൊളഗപ്പാറ ചൂരിമലയെ ഒന്നടങ്കം വിറപ്പിച്ച കടുവയുടെ ശിഷ്ടകാലം ഇനി തൃശ്ശൂരിൽ. തൃശ്ശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലാണ് കടുവയെ എത്തിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് വനം വകുപ്പ് ഒരുക്കിയ കെണിയിൽ കടുവ അകപ്പെട്ടത്. ഇന്നലെയാണ് കടുവയെ തൃശ്ശൂരിലേക്ക് മാറ്റാനുള്ള ഉത്തരവ് ഇറക്കിയത്. തുടർന്ന് ഇന്നലെ രാത്രി 11 മണിയോടെ തന്നെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് വാഹനവ്യൂഹം പുറപ്പെടുകയായിരുന്നു. ഡബ്ല്യു വൈഎസ് ഒമ്പതാമൻ എന്നാണ് കടുവയ്ക്ക് പേര് നൽകിയിരിക്കുന്നത്.
കടുവയുടെ കാലിനും എല്ലിനും നേരിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. ഇവയ്ക്ക് പുത്തൂരിൽ വിദഗ്ധ ചികിത്സ നൽകുന്നതാണ്. ഏകദേശം 10-11 വയസിന് ഇടയിലാണ് കടുവയുടെ പ്രായം. നിലവിൽ, കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിൽ 6 കടുവകൾക്കാണ് സംരക്ഷണം ഒരുക്കിയിരിക്കുന്നത്. ഇവിടെയുള്ള സ്ഥലപരിമിതി മൂലമാണ് ചൂരിമലയിൽ നിന്ന് പിടികൂടിയ കടുവയെ തൃശ്ശൂരിലേക്ക് മാറ്റിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ നാല് മൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനെ തുടർന്നാണ് ചൂരിമല മേഖലയിൽ വനം വകുപ്പ് കെണി ഒരുക്കിയത്.
Also Read: വന്ദേ ഭാരതിന്റെ മിനി പതിപ്പ്! റെയിൽ ഗതാഗത രംഗത്ത് ചരിത്രം കുറിക്കാൻ വന്ദേ മെട്രോ ഉടൻ എത്തുന്നു
Post Your Comments