ലണ്ടൻ: ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ബ്രിട്ടീഷ് സ്കൈ ഡൈവർക്ക് ദാരുണാന്ത്യം. കേംബ്രിഡ്ജ് സ്വദേശിയായ നാതി ഒഡിൻസൺ ആണ് മരണപ്പെട്ടത്. 33 വയസായിരുന്നു. പട്ടായയിലെ 29 നിലക്കെട്ടിടത്തിന് മുകളിൽ നിന്നാണ് നാതി വീണത്. അനധികൃതമായാണ് നാതി കെട്ടിടത്തിന്റെ 29-ാം നിലയിൽ നിന്നും ആകാശച്ചാട്ടം നടത്തിയത്. നാതി മുകളിൽ നിന്നും ചാടിയപ്പോൾ പാരച്യൂട്ട് തകരാറിലായതിനെ തുടർന്ന് പൊടുന്നനെ നിലത്തേക്ക് പതിക്കുകയായിരുന്നു.
ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. നാതിയും സുഹൃത്തും കൂടിയാണ് കടൽത്തീര റിസോർട്ടിലെത്തിയത്. വാഹനം താഴെ പാർക്ക് ചെയ്ത ശേഷം നാതി മുകളിലേക്ക് കയറിപ്പോവുകയും സുഹൃത്ത് വീഡിയോ പകർത്തുന്നതിനായി താഴെ തന്നെ നിൽക്കുകയും ചെയ്തു. കൗണ്ട് ഡൗണിന് പിന്നാലെ മുകളിൽ നിന്നും നാതി ചാടിയെങ്കിലും പാരച്യൂട്ട് തുറന്ന് പ്രവർത്തിച്ചില്ല. ഇതോടെ നിലതെറ്റിയ നാതി താഴേക്ക് പതിച്ചു. സുഹൃത്ത് ഉടൻ പോലീസിനെ വിവരം അറിയിച്ചു. വൈദ്യസംഘമെത്തി പരിശോധന നടത്തിയെങ്കിലും നാതി അപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. നേരത്തെ നാതി നിരവധി തവണ ഇതേ കെട്ടിടത്തിൽ നിന്ന് ആകാശച്ചാട്ടം നടത്തിയിട്ടുണ്ടെന്നും പലപ്പോഴും താഴെ കൂടി നടന്നുപോകുന്നവർക്ക് ബുദ്ധിമുട്ടായിട്ടുണ്ടെന്നും ഹോട്ടലിലെ സുരക്ഷാ ജീവനക്കാരൻ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. നാതിയുടെ പാരച്യൂട്ട് വിശദമായ പരിശോധനയ്ക്കായി പോലീസ് കൊണ്ടുപോയിട്ടുണ്ട്. നാതിയുടെ സുഹൃത്തിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാൾ ചിത്രീകരിച്ച വീഡിയോയും പോലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments