ബിജെപി ഏഴ് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും കോടികൾ വാഗ്ദാനം ചെയ്‌തെന്നും ആരോപിച്ച് കെജ്‌രിവാൾ

ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. ഡൽഹിയിലെ ഏഴ് ആംആദ്മി പാർട്ടി എംഎൽഎമാരെ ബിജെപി വേട്ടയാടാൻ ശ്രമിച്ചുവെന്നും പാർട്ടി മാറാൻ അവർക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും കെജ്‌രിവാൾ ആരോപിച്ചു. മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി , എഎപി എംഎൽഎമാരുമായി ചർച്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

`എക്‌സി´ലുടെയാണ് അരവിന്ദ് കെജ്‌രിവാൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്. `അടുത്തിടെ ബിജെപി ഞങ്ങളുടെ ഡൽഹിയിലെ ഏഴ് എംഎൽഎമാരുമായി ബന്ധപ്പെട്ടിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്നും അതിനുശേഷം ഞങ്ങൾ എംഎൽഎമാരെ തകർക്കുമെന്നും പറഞ്ഞു. 21 എംഎൽഎമാരുമായി ചർച്ച നടത്തിയെന്നും മറ്റുള്ളവരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി. ചർച്ചകൾക്കു ശേഷം ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ താഴെയിറക്കുമെന്നും പറഞ്ഞു. നിങ്ങൾക്കും ബിജെപിയിലേക്ക് വരാം. 25 കോടി രൂപ സ്വീകരിച്ച് ബിജെപി ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യാം´- ബിജെപി പറഞ്ഞതായി കെജ്‌രിവാൾ ആരോപിക്കുന്നു.

അതേസമയം 21 എം.എൽ.എമാരുമായി ബന്ധപ്പെട്ടെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും ഞങ്ങളുടെ വിവരമനുസരിച്ച് ഏഴ് എംഎൽഎമാരെ മാത്രമാണ് ഇതുവരെ ബന്ധപ്പെട്ടതെന്നും എന്നാൽ എല്ലാവരും വിസമ്മതിക്കുകയായിരുന്നു എന്നും കെജ്‌രിവാൾ പറഞ്ഞു.ഡൽഹിയിലെ എഎപി സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി.

Share
Leave a Comment