‘പൊന്നമ്പലമേട്ടിൽ കാട്ടുമൂപ്പന്മാരാണ് ദീപം തെളിയിക്കുന്നത്’: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

തിരുവനന്തപുരം: പൊന്നമ്പലമേട്ടിൽ കാട്ടുമൂപ്പന്മാരാണ് ദീപം തെളിയിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. മകരവിളക്ക് തെളിഞ്ഞു എന്ന് പറയുന്നതും തെളിയിച്ചു എന്ന് പറയുന്നതും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി. ശബരിമലയിൽ വരുമാനം കൂടിയെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് ചൂണ്ടിക്കാണിച്ചു. ശബരിമലയിൽ 23 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായെന്നാണ് പി എസ് പ്രശാന്ത് വ്യക്തമാക്കുന്നത്.

അതേസമയം, ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് 2,43,413 പേർക്ക് ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിൽ 7278 പേർക്ക് ഒബ്സർബേഷനോ കിടത്തി ചികിത്സയോ വേണ്ടി വന്നിട്ടുണ്ട്. നെഞ്ചുവേദനയായി വന്ന 231 പേർക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള 13,161 പേർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള 81,715 പേർക്കും റോഡപകടങ്ങളിലൂടെ പരിക്കേറ്റ 295 പേർക്കും പാമ്പുകടിയേറ്റ 18 പേർക്കുമാണ് പ്രധാനമായും ചികിത്സ നൽകിയത്.

1546 പേരെ മറ്റാശുപത്രികളിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കി. ഹൈക്കോടതിയുടെ അനുമതിയെ തുടർന്ന് ഇത്തവണ സന്നിധാനം വരെ തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്‌ക്യൂ വാൻ അനുവദിച്ചിരുന്നു. ഈ സ്പെഷ്യൽ റെസ്‌ക്യൂ വാൻ വഴി 150 പേർക്ക് അടിയന്തര സേവനം നൽകിയതായും മന്ത്രി പറഞ്ഞു. മാതൃകാപരമായ സേവനം നൽകിയ എല്ലാ ആരോഗ്യ പ്രവർത്തകരേയും മന്ത്രി അഭിനന്ദിച്ചു. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനായി വിപുലമായ സേവനങ്ങളാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരുന്നത്.

ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്നതിനാൽ മികച്ച ചികിത്സാ സേവനങ്ങൾ ഒരുക്കുന്നതിനോടൊപ്പം പകർച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും പ്രത്യേക പ്രാധാന്യം നൽകിയിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (സ്വാമി അയ്യപ്പൻ റോഡ്), നീലിമല, അപ്പാച്ചിമോട് എന്നീ സ്ഥലങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്‌പെൻസറികൾ പ്രവർത്തിച്ചു. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, കാർഡിയാക് മോണിറ്റർ സംവിധാനമുറപ്പാക്കി. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പൂർണ സജ്ജമായ ലാബ് സൗകര്യമൊരുക്കി. പമ്പയിലും സന്നിധാനത്തും ഓപ്പറേഷൻ തീയറ്ററുകളും എക്സ്റേ സൗകര്യവും സജ്ജമാക്കിയിരുന്നു.

Share
Leave a Comment