ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ അസം പൊലീസ് തടഞ്ഞിരുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പൊലീസ് തടയുകയായിരുന്നുവെന്നാണ് ആരോപണം. അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്റ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയാനും മാത്രം എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നു. സംഭവത്തിൽ മനംനൊന്താണ് രാഹുൽ ഗാന്ധിയുടെ ചോദ്യം.
ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ഭക്തനാണ് രാഹുല്‍ ഗാന്ധിയെന്നും എന്താണ് കടത്തിവിടാത്തതെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പൊലീസുകാരോട് ചോദിച്ചെങ്കിലും വൈകീട്ട് സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയതെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കുമെന്ന് നേരത്തെ തന്നെ രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച അനുമതിയും തേടിയിരുന്നു. സന്ദര്‍ശനത്തിന് ക്ഷണം ലഭിച്ചിട്ടും കടത്തിവിടുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു.
പ്രവേശനം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍, കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര തിങ്കളാഴ്ച കടന്നുപോകുന്നത് നഗാവിലൂടെയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments