Latest NewsNewsIndia

പ്രാണപ്രതിഷ്ഠാ ചടങ്ങ്: അയോദ്ധ്യയിലെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി യോഗി ആദിത്യനാഥ്, ചിത്രങ്ങൾ പങ്കുവെച്ചു

ലക്നൗ: ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലെത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരുക്കങ്ങൾ വിലയിരുത്താൻ വേണ്ടിയാണ് അദ്ദേഹം അയോദ്ധ്യയിലെത്തിയത്. യാഗശാലയിലെ ഹോമകുണ്ഡത്തിൽ അദ്ദേഹം ആരതി നടത്തുകയും ചെയ്തു. സന്ന്യാസിമാർക്കും പുരോഹിതന്മാർക്കുമൊപ്പമാണ് അദ്ദേഹം ആരതി നടത്തിയത്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി. അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

ഹനുമാൻ ഗഡി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. ജഗദ്ഗുരു സ്വാമി രാമഭദ്രാചാര്യയെ സന്ദർശിച്ച ശേഷമാണ് യോഗി ആദിത്യനാഥ് രാമക്ഷേത്രത്തിൽ എത്തിയത്. ജനുവരി 22 നാണ് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത്. ഉച്ചയ്ക്ക് 12:20-ന് ആരംഭിച്ച് 1:00 മണിയോടെ ചടങ്ങ് അവസാനിക്കും.

അതേസമയം, അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്തുവിട്ടു. ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് കൃഷ്ണശിലയിൽ കൊത്തിയെടുത്തിരിക്കുന്നത്. അഞ്ച് വയസ് പ്രായമുള്ള രൂപമാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശിൽപി അരുൺ യോഗിരാജ് ആണ് വിഗ്രഹം നിർമിച്ചത്. ഇന്നലെയാണ് ക്ഷേത്രത്തിനുള്ളിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button