C
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു ഇറാന്റെ മിസൈല്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. തീവ്രവാദ സംഘടനയായ ജെയ്ഷ് അല്‍-അദ്ലുമായി ബന്ധമുള്ള രണ്ട് താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്ന് ഇറാന്‍ സൈന്യവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തെ അപലപിച്ച പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇറാഖിനും സിറിയയ്ക്കും ശേഷം ഇറാന്‍ ആക്രമണം നേരിടുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാന്‍. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ഇറാന്‍ ചൊവ്വാഴ്ച ആക്രമണം നടത്തിയത്.
ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇറാഖിലെ ആസ്ഥാനം ഇറാന്‍ കഴിഞ്ഞദിവസം അക്രമിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വടക്കന്‍ സിറിയയിലെ താവളങ്ങള്‍ക്കുനേരേയും ഇറാന്‍ നടത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് പാകിസ്ഥാനിലും ആക്രമണം നടത്തിയിരിക്കുന്നത്.
Post Your Comments