തൈ പിറന്താൽ വഴി പിറക്കുമെന്ന വിശ്വാസത്തിൽ തമിഴകത്ത് ഇന്ന് തൈപ്പൊങ്കൽ. അതിർത്തി ഗ്രാമങ്ങളിൽ പൊങ്കലിനോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. തമിഴ് തിരുനാൾ എന്നും തൈപ്പൊങ്കൽ അറിയപ്പെടാറുണ്ട്. കാപ്പുകെട്ടി കോലമിട്ട് ലക്ഷ്മിദേവിയെ വരവേൽക്കുന്ന ചടങ്ങോടെയാണ് ഇത്തവണത്തെ പൊങ്കലിന് തുടക്കമായത്. തമിഴ് വംശജരുടെ ഇടയിൽ ഏറെ പ്രാധാന്യമുള്ള ആഘോഷം കൂടിയാണ് പൊങ്കൽ. രാവിലെ സൂര്യോദയത്തിന് ശേഷം 8:30 വരെയാണ് പൊങ്കൽവെപ്പ് ചടങ്ങ്.
വീട്ടുമുറ്റത്ത് തയ്യാറാക്കിയ അടുപ്പിൽ സൂര്യന് അഭിമുഖമായിട്ടാണ് പൊങ്കൽ വയ്ക്കുന്നത്. അടുപ്പിന് സമീപത്തായി വാഴ, കരിമ്പ് തുടങ്ങിയവയും ഉണ്ടായിരിക്കും. പാത്രത്തിൽ നിന്ന് തിളച്ചുയരുന്ന വെള്ളം കിഴക്ക് ദിശയിലേക്കാണ് ഒഴുകിയതെങ്കിൽ ഈ വർഷം ശുഭമായിരിക്കുമെന്നാണ് വിശ്വാസം. പൊങ്കലിന് മുന്നോടിയായി വിവിധ വർണങ്ങളിലുള്ള പൊടികൾ ഉപയോഗിച്ച് വീട്ടുമുറ്റത്ത് കോലവും വരയ്ക്കുന്നതാണ്.
Also Read: മൂടൽമഞ്ഞിൽ മൂടിക്കെട്ടി ഉത്തരേന്ത്യ: ശൈത്യതരംഗം അതിരൂക്ഷം
തമിഴ്നാട്ടിനു പുറമേ, തമിഴ് സംസ്കാരവുമായി ഇഴകിച്ചേരുന്ന കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിലും പൊങ്കലിന് വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. കേരളത്തിന്റെ കിഴക്കൻ മേഖലയിലെ വടകരപ്പതി, എഴുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി എന്നീ പഞ്ചായത്തുകളിൽ പൊങ്കൽ വിപുലമായാണ് കൊണ്ടാടുന്നത്. തൈപ്പൊങ്കൽ ദിവസം കുടുംബത്തിൽ പുതുതായി വിവാഹം കഴിഞ്ഞവരുണ്ടെങ്കിൽ, അവർക്ക് പുതുവസ്ത്രങ്ങളും സ്വർണാഭരണങ്ങളും പാത്രങ്ങളും നൽകുന്ന ചടങ്ങും ഉണ്ട്. പൊങ്കലിനോടനുബന്ധിച്ച് കേരളത്തിലെ 6 ജില്ലകളിൽ ഇന്ന് അവധിയാണ്.
Post Your Comments