കാഞ്ഞങ്ങാട്: സംസ്ഥാനത്ത് എസ്ബിഐ യോനോ ആപ്ലിക്കേഷന്റെ പേരിൽ വീണ്ടും ലക്ഷങ്ങളുടെ തട്ടിപ്പ്. യോനോ ആപ്പ് ബ്ലോക്ക് ആയെന്ന വ്യാജ സന്ദേശത്തിന് പിന്നാലെയാണ് കാഞ്ഞങ്ങാട് സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തത്. കാഞ്ഞങ്ങാട് സ്വദേശി കെ.മനോഹരയാണ് തട്ടിപ്പിന് ഇരയായത്. ഇയാളുടെ അക്കൗണ്ടിൽ നിന്നും 5.5 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ജനുവരി 10-നാണ് തട്ടിപ്പ് നടക്കുന്നത്. പിന്നീട് മനോഹരയുടെ അക്കൗണ്ടിൽ നിന്നും ഘട്ടം ഘട്ടമായി പണം പിൻവലിക്കുകയായിരുന്നു.
ജനുവരി 10-ന് രാവിലെ 11 മണിയോടെ ഇദ്ദേഹത്തിന്റെ ഫോണിലേക്ക് യോനോ ആപ്ലിക്കേഷൻ ബ്ലോക്ക് ആയെന്ന സന്ദേശം ലഭിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഇതേ നമ്പറിൽ നിന്നും ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയുള്ള കോളും എത്തി. ഉടൻ തന്നെ ആപ്പിന്റെ ബ്ലോക്ക് മാറ്റാനാണ് മറുവശത്ത് നിന്ന് നിർദ്ദേശം നൽകിയത്. തുടർന്ന് മൂന്ന് ഒടിപി നമ്പർ കൂടി മനോഹരയുടെ ഫോണിലേക്ക് അയക്കുകയായിരുന്നു. ഈ ഒടിപി പറഞ്ഞ് കൊടുത്തതോടെയാണ് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെട്ടത്.
Also Read: മകരവിളക്ക്, സന്നിധാനത്ത് തീര്‍ത്ഥാടക പ്രവാഹം, മണിക്കൂറില്‍ 18-ാംപടി ചവിട്ടുന്നത് 5000ത്തോളം പേര്‍
രണ്ട് തവണയായാണ് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചിട്ടുള്ളത്. ആദ്യം 4,99,900 രൂപയും, പിന്നാലെ 50,000 രൂപയും പിൻവലിക്കുകയായിരുന്നു. ഉടൻ ബാങ്കിൽ വിളിച്ച് വിവരം അറിയിച്ചപ്പോൾ, ബാങ്കിന്റെ കൊൽക്കത്ത ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. ആ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്പോഴേക്കും 3,69,990 രൂപ പിൻവലിക്കപ്പെട്ടിരുന്നു. മനോഹരയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments