കൊല്ലം: ചെന്നൈ-കൊല്ലം റെയിൽവേ ട്രാക്കിലെ ചെങ്കോട്ട-പുനലൂർ-കൊല്ലം റൂട്ടിൽ കൂടുതൽ കോച്ചുകളുള്ള ട്രെയിൻ സർവീസിന് ഉടൻ അനുമതി നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. നിലവിലുള്ള കോച്ചുകളെക്കാൾ അധിക കോച്ചുകളുള്ള ട്രെയിനുകളാണ് ഈ റൂട്ടിലൂടെ സർവീസ് നടത്തുക. ഇതുമായി ബന്ധപ്പെട്ട ട്രയൽ റൺ അധികൃതരുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ ലക്നൗവിലുള്ള ഉദ്യോഗസ്ഥരാണ് ട്രയൽ റൺ നടത്തുന്നത്. ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയാൽ, ചെന്നൈ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് സമർപ്പിക്കുന്നതാണ്.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ ചെങ്കോട്ട-പുനലൂർ-കൊല്ലം റൂട്ടിൽ 14 കോച്ചുകൾ ഉള്ള ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. നിലവിൽ, 23 കോച്ചുകൾ ഉള്ള ട്രെയിൻ ഉപയോഗിച്ചാണ് ട്രയൽ റൺ നടത്തിയിരിക്കുന്നത്. റെയിൽവേ സുരക്ഷാ കമ്മീഷണർ അനുവദിച്ചിരുന്ന 30 കിലോമീറ്റർ വേഗതയിലാണ് പരീക്ഷണ ഘട്ടം നടത്തുന്നത്. മുഴുവൻ പരിശോധനകളും പൂർത്തിയാക്കിയ ശേഷം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണ റെയിൽവേ ഈ റൂട്ടിലേക്ക് കോച്ചുകൾ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അനുമതി നൽകുക.
Post Your Comments