കാസർഗോഡ്: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എൻ.ഐ.എ സംഘം കാസർഗോഡ് എത്തി. കൊച്ചി യൂണിറ്റില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച ഉച്ചയോടെ മഞ്ചേശ്വരത്ത് എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇവർ സവാടിന്റെ ഭാര്യയെ ചോദ്യം ചയ്യും.
അതേസമയം, മകളുടെ ഭർത്താവ് കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ് ആണെന്നറിയുന്നത് എൻ.ഐ.എ സംഘം ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണെന്ന് ഭാര്യാ പിതാവ് അബ്ദുള്‍ റഹിമാന്‍ വെളിപ്പെടുത്തിയിരുന്നു. തനിക്ക് എസ്ഡിപിഐ ബന്ധമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഷാജഹാന്‍ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മകളെ വിവാഹം കഴിച്ചത്. വിവാഹശേഷം ഇവര്‍ കണ്ണൂരിലേക്ക് പോയെന്നും സവാദിന്‍റെ ഭാര്യാപിതാവ് പറയുന്നു.
കേസിൽ രണ്ടുഘട്ടമായാണ് വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചത്. മറ്റു പ്രതികളെല്ലാം ശിക്ഷിക്കപ്പെട്ട ശേഷമാണ് സവാദ് പിടിയിലാകുന്നത്. ആ സമയത്തെല്ലാം ഒന്നാംപ്രതി പിടികിട്ടാപ്പുള്ളിയായിരുന്നു. ഭീകരപ്രവർത്തനം തെളിഞ്ഞതായി ചൂണ്ടിക്കാട്ടിയ കോടതി, ഒന്നാംപ്രതിയെ പിടികൂടാനാകാത്തത് വിധിയിൽ പ്രത്യേകം പരാമർശിക്കുകയും ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതാണ് സവാദിന് കുരുക്കായത്. മറ്റൊരു ഐഡന്റിറ്റിയിൽ ജീവിക്കുകയായിരുന്ന സവാദിന് ഏറ്റ തിരിച്ചടിയായിരുന്നു കേന്ദ്രം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ വരുമാനം മുടങ്ങിയതോടെയാണ് സവാദ് തൊഴിൽതേടി കണ്ണൂരിലെത്തിയത്. ഇത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം കിട്ടിയിരുന്നു. എട്ടുമാസം മുമ്പായിരുന്നു ഇത്. ഇതോടെ മുമ്പ് എൻ.ഐ.എ.യിൽ ജോലി ചെയ്തിരുന്ന ചില പോലീസുദ്യോഗസ്ഥരുടെ സഹായത്തോടെ എൻഐഎ കണ്ണൂരിൽ നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം ഇയാളെ പിടികൂടി.
Post Your Comments