പത്തനംതിട്ട: ഇത്തവണത്തെ തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും. മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയാണ് നാളെ ആരംഭിക്കുക. ഇക്കുറി വലിയ കോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഉണ്ടായിരിക്കുകയില്ല. കൊട്ടാരത്തിലെ കുടുംബാംഗം മരിച്ച സാഹചര്യത്തിലാണ് തീരുമാനം. കൂടാതെ, രാജപ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കുകയില്ല. ജനുവരി 15-ന് വൈകിട്ടാണ് ഘോഷയാത്ര ശരംകുത്തിയിൽ എത്തുക. ശേഷം, ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുളളവർ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടർന്ന്, അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധനയും, പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.
മകരവിളക്കിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും, തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ശബരിമലയിൽ ഇന്ന് ഉന്നതതല യോഗം ചേരുന്നതാണ്. ദേവസ്വം പ്രസിഡന്റ്, സന്നിധാനം സ്പെഷ്യൽ ഓഫീസർ, ശബരിമല എഡിഎം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. മകരവിളക്ക് ദർശനത്തിനായുള്ള 10 പോയിന്റുകളിലെ സുരക്ഷയും, മകരവിളക്ക് ദിവസം ജ്യോതി ദർശനത്തിനായി പുല്ലുമേട് തീർത്ഥാടകരെ കയറ്റിവിടുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും.
Also Read: പൊങ്കൽ: സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ, റിസർവേഷൻ ഇന്ന് ആരംഭിക്കും
Post Your Comments