ചെന്നൈ: മുൻ ബിസിനസ് പങ്കാളിക്കെതിരെ പരാതിയുമായി എം.എസ് ധോണി. ആർക്ക സ്പോർട്സ് ആൻഡ് മാനേജ്മെന്റ് ലിമിറ്റഡിന്റെ മിഹിർ ദിവാകർ, സൗമ്യ വിശ്വാസ് എന്നിവർക്കെതിരെയാണ് ധോണി പരാതി നൽകിയിരിക്കുന്നത്. റാഞ്ചി കോടതിയിലാണ് ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ആഗോളതലത്തിൽ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതിനായി 2017ൽ എംഎസ്ഡിയുമായി ദിവാകർ കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ, കരാറിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ഇയാൾ പാലിച്ചില്ലെന്നും 15 കോടി തട്ടിയെടുത്തുവെന്നുമാണ് ധോണി നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
ഫ്രാഞ്ചൈസി ഫീസും ഉടമ്പടിയുടെ വ്യവസ്ഥകൾ അനുസരിച്ച് ലാഭം പങ്കിടാനും ആർക്ക സ്പോർട്സ് ബാധ്യസ്ഥനായിരുന്നു. എന്നാൽ അത് പാലിക്കപ്പെട്ടില്ല. നിരവധി ശ്രമങ്ങൾ നടത്തിയിട്ടും, കരാറിൽ വ്യക്തമാക്കിയ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചില്ല. തുടർന്ന്, 2021 ഓഗസ്റ്റ് 15-ന് ആർക്ക സ്പോർട്സിന് അനുവദിച്ച അധികാരപത്രം ധോണി അസാധുവാക്കി. നിരവധി നിയമപരമായ നോട്ടീസുകൾ അയച്ചെങ്കിലും ഫലമുണ്ടായില്ല. എംഎസ് ധോണിയെ പ്രതിനിധീകരിച്ച് ദയാനന്ദ് സിംഗാണ് കേസ് ഫയൽ ചെയ്തത്. തങ്ങളെ ആർക്ക സ്പോർട്സ് കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തെന്നും അതിന്റെ ഭാഗമായി 15 കോടിയിലധികം നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു.
ആർക്ക സ്പോർട്സിനെതിരെ നിയമനടപടി സ്വീകരിച്ചതിന് ശേഷം മിഹിർ ദിവാകർ തന്നെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന് ആരോപിച്ച് ധോണിയുടെ സുഹൃത്ത് ചിറ്റു എന്ന് അറിയപ്പെടുന്ന സിമന്ത് ലോഹാനിയും പരാതി നൽകിയിട്ടുണ്ട്. അടുത്തിടെയാണ് ദുബായിൽ പുതുവത്സരം ചെലവഴിച്ച് എംഎസ് ധോണി നാട്ടിലേക്ക് മടങ്ങിയത്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം പുതുവർഷത്തെ വരവേൽക്കുകയായിരുന്നു ധോണി.
Post Your Comments