Latest NewsKeralaNews

യേശു ജനിച്ച മണ്ണിൽ സമാധാനം മുങ്ങി മരിക്കുകയാണ്: ഇസ്രായേൽ അതിക്രൂരമായ ആക്രമണമാണ് പലസ്തീനിൽ നടത്തുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇസ്രായേൽ അതിക്രൂരമായ ആക്രമണമാണ് പലസ്തീനിൽ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിനെതിരായ യുദ്ധമാണ് നടക്കുന്നത്. യേശു ജനിച്ച മണ്ണിൽ സമാധാനം മുങ്ങി മരിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതും ദശലക്ഷക്കണക്കിന് ആളുകൾ പാലായനം ചെയ്യുന്നതും വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നിലപാട് എടുക്കാത്തത് രാഷ്ട്രീയ പാപ്പരത്തം: എം വി ഗോവിന്ദൻ

ആഘോഷമില്ലാത്ത ഒരു ക്രിസ്മസ് ഇത് ആദ്യമാകാം. വംശ വിദ്വേഷത്തിന്റെ കലാപ തീയാണ് പടർന്ന് വ്യാപിക്കുന്നത്. ഉണ്ണിയേശു കിടക്കേണ്ടിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെ തെളിച്ചം ആ മണ്ണിലും മനസിലും എത്തിയിരുന്നെങ്കിൽ ചോരപ്പുഴ ഒഴുകുമായിരുന്നില്ല. ഗുരു സന്ദേശങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ആവർത്തിച്ച് ഉറപ്പിക്കുന്ന സംഭവങ്ങളാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് ലോകത്ത് പലയിടത്തും സംഭവിക്കുന്ന സംഘർഷങ്ങളിൽ മിക്കതിനും അടിസ്ഥാനം രാഷ്ട്രീയമല്ല, മറിച്ച് വംശീയതയാണ്. വംശവിദ്വേഷത്തിന്റെ കലാപത്തീയാണ് പടർന്നു വ്യാപിക്കുന്നത്. ഈ വംശവിദ്വേഷം അവസാനിപ്പിക്കാനുള്ള ഒറ്റമൂലി ഗുരുസന്ദേശത്തിലുണ്ട്. നരനും നരനും തമ്മിൽ സാഹോദര്യമുദിക്കണം, അതിന്നു വിഘ്‌നമായുള്ളതെല്ലാം ഇല്ലാതെയാകണം എന്ന ഗുരുവിന്റെ തത്വം ലോകമെങ്ങുമെത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തിൽ ഇടം പിടിച്ച ചില സംഭവങ്ങളുടെ ശതാബ്ദി ആചരണ വേള കൂടിയാണിത്. ഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിൽ വിളിച്ചുചേർത്ത സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം ആചരിക്കാനൊരുങ്ങുകയാണ്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും എസ്എൻ. ഡിപി യോഗം പ്രഥമ കാര്യദർശിയുമായ മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കൃതി പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദിയും നടക്കുന്നു. വൈക്കം സത്യഗ്രഹ ശതാബ്ദിയും ഇക്കാലത്താണെന്നത് പ്രസക്തമാണ്. പൗരാവകാശം നേടിയെടുക്കുന്നതിനുള്ള കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ സമരമാണ് വൈക്കം സത്യഗ്രഹം. വൈക്കം സത്യഗ്രഹത്തിന് കേരളം നൽകിയ വലിയ സംഭാവനകളിലൊന്ന് പൊതുജനാഭിപ്രായ രൂപീകരണത്തിന് ബഹുജന ജാഥ സംഘടിപ്പിക്കാം എന്നതായിരുന്നു. യാഥാർത്ഥ്യം ജനങ്ങളിൽ നിന്ന് മറച്ചു വയ്ക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുമ്പോൾ ജനത്തെ അറിയിക്കാനും പിന്തുണ തേടാനും ബഹുജന ജാഥകൾക്ക് കഴിയുമെന്നാണ് ചരിത്രം നൽകുന്ന പാഠം. ശിവഗിരി തീർത്ഥാടനം അതിന്റെ മറ്റൊരു രൂപമാണ്. ഗുരുവായൂർ സത്യഗ്രഹത്തിൽ എ.കെ.ജിയും ഉപ്പുസത്യഗ്രഹത്തിൽ മഹാത്മാ ഗാന്ധിയും നടത്തിയ ബഹുജന ജാഥകൾ വൈക്കം സത്യഗ്രഹത്തിന്റെ വിജയാനുഭവങ്ങളിൽ നിന്നുണ്ടായതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം: സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധനയുമായി ഭക്ഷ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button