തിരൂരങ്ങാടി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ. തിരൂരങ്ങാടി താഴെച്ചിന സ്വദേശി തടത്തിൽ അബ്ദുൽ കരീ(52)മിനെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്.
Read Also : പൂർണ വളർച്ചയെത്തിയ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടി: മാതാവിന് ജീവപര്യന്തം തടവും പിഴയും
എം.ഡി.എം.എയും തോക്കിൻ തിരകളുമായി അടുത്തിടെ പൊലീസിന്റെ പിടിയിലായ ഇയാൾ രണ്ട് മാസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. കരീമിന്റെ പേരിൽ താനൂർ, തിരൂരങ്ങാടി, വേങ്ങര പൊലീസ് സ്റ്റേഷൻ പരിധികളിലായി ലഹരി കടത്ത്, കുറ്റകരമായ നരഹത്യാശ്രമം, മാരകായുധങ്ങളായ വടിവാളും തോക്കിൻതിരകളും അക്രമ പ്രവർത്തനങ്ങൾക്കായി കൈവശം വെക്കുക, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാരകായുധങ്ങളുമായി അക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്.
കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത കരീമിനെ വിയ്യൂർ സെൻട്രൽ ജയിലിൽ ഹാജരാക്കി തടവിലാക്കി. ആറ് മാസത്തേക്കാണ് തടവ് ശിക്ഷ വിധിച്ചത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം താനൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments