
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ അഴിച്ചുമാറ്റിച്ച ബാനറുകൾ, നീക്കം ചെയ്ത് മിനുറ്റുകൾക്കകം വീണ്ടും കെട്ടി എസ്എഫ്ഐ. മൂന്ന് ബാനറുകളാണ് എസ്എഫ്ഐ സ്ഥാപിച്ചത്. സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായെത്തിയ എസ്എഫ്ഐ പ്രവർത്തകർ പൊലീസ് ബാരിക്കേടിന് മുകളിൽ കയറിയാണ് ബാനർ സ്ഥാപിച്ചത്. തുടർന്ന്, ഗവർണർക്ക് അനുകൂലമായുള്ള ബാനറുകൾ കത്തിക്കുകയും ചെയ്തു.
ആരിഫ് മുഹമ്മദ്ഖാൻ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധനാണെന്നും ക്ഷമയുടെ നെല്ലിപ്പലക കണ്ടുകൊണ്ടാണ് എസ്എഫ്ഐ നിൽക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞു. ‘സമരം അക്രമത്തിലേക്ക് കടക്കാനാണ് ഗവർണർ ആഗ്രഹിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് ആർഎസ്എസ് സ്ഥാപിച്ച ബാനർ കത്തിക്കും. പൊലീസ് സുരക്ഷയുമായി ബദ്ധപ്പെട്ട കാര്യങ്ങൾ നോക്കിയാൽ മതി. കുനിയാൻ പറഞ്ഞാൽ കിടക്കുന്ന പൊലീസുകാർ ഈ കൂട്ടത്തിൽ ഉണ്ട്. ആരിഫ് മുഹമ്മദ് ഖാൻ വന്നിട്ട് ബാത്റൂം കഴുകിത്തരാൻ പറഞ്ഞാൽ പോയി കഴുകിയിട്ട്, പൊലീസിന്റെ അന്തസ്സ് കളയുന്ന പണി എടുക്കാൻ നിൽക്കരുത് എന്നാണ് പറയാനുള്ളത്,’ ആർഷോ വ്യക്തമാക്കി.
ഞായറാഴ്ച ഉച്ചക്കാണ് സര്‍വകലാശാല ക്യാമ്പസിൽ തനിക്കെതിരെയുള്ള ബാനറില്‍ ഗവര്‍ണര്‍ ആദ്യം അതൃപ്തി പ്രകടിപ്പിച്ചത്. എന്നിട്ടും ബാനര്‍ നീക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരോട് വീണ്ടും കയര്‍ക്കുകയായിരുന്നു. വൈകുന്നേരം ഗവര്‍ണര്‍ നേരിട്ട് വന്ന് പൊലീസുകാരോട് ബാനര്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മുഖ്യമന്ത്രിയാണ് വന്നിരുന്നതെങ്കില്‍ നിങ്ങള്‍ ഇത് ചെയ്യുമായിരുന്നോ എന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സര്‍വകലാശാല വിസിയെ വിളിച്ച് വരുത്തി ഗവര്‍ണര്‍ ശകാരിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെയാണ് ഗവർണർക്കെതിരായി എസ്എഫ്ഐ കറുത്ത നിറത്തിലുള്ള ബാനറുകൾ ഉയര്‍ത്തിയത്. ‘ചാന്‍സലര്‍ ഗോ ബാക്ക്’ എന്ന് ഇംഗ്ലീഷിലും ‘സംഘി ചാന്‍സര്‍ വാപസ് ജാവോ’ എന്ന് ഹിന്ദിയിലും എഴുതിയ ബാനറുകളാണ് യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ ഉയര്‍ത്തിയത്. ‘മിസ്റ്റര്‍, യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍’ എന്ന എഴുതിയ മറ്റൊരു ബാനറും സര്‍വകലാശാല കവാടത്തില്‍ ഉണ്ടായിരുന്നു.
Post Your Comments