തിരുവനന്തപുരം: ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുന്നതെന്നും സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവര്‍ണറുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവര്‍ണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമെന്ന് ഗോവിന്ദന്‍ പറഞ്ഞു.
എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ എതിര്‍ക്കാനെന്നവണ്ണം ചാന്‍സിലര്‍ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
read also: ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ മാന്യതയ്ക്കനുസരിച്ചു പെരുമാറണം: എംഎ ബേബി
‘സര്‍വകലാശാലകളില്‍ ആര്‍എസ്എസ്, സംഘപരിവാര്‍ അനുകൂലികളെ കുത്തിനിറച്ച് രാഷ്ട്രീയം കളിക്കാനാണ് ഗവര്‍ണറുടെ ശ്രമം. സര്‍വകലാശാലകളിലെ കാവിവല്‍ക്കരണത്തിന്റെ തുടര്‍ച്ചയാണിത്. ഇതിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഭരണഘടനപരമായ ജനാധിപത്യ അവകാശമാണ്. എസ്എഫ്‌ഐ ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണ്.’
‘ഗവര്‍ണര്‍ പദവിയിലിരിക്കുന്ന വ്യക്തി പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലകള്‍ പാലിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല എന്ന് മാത്രമല്ല ഭരണഘടനാ വിരുദ്ധമായ പ്രവൃത്തികളാണ് അദ്ദേഹത്തില്‍ നിന്നും നിരന്തരം ഉണ്ടാകുന്നത്. ഏകപക്ഷീയമായി വര്‍ഗീയത അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നത്. അത് കേരളത്തില്‍ വിലപ്പോകില്ലെന്ന് വ്യക്തമായപ്പോഴുള്ള വെപ്രാളമാണിപ്പോള്‍ കാണുന്നത്. സര്‍വകലാശാലയിലെ കാവിവല്‍ക്കരണ നിലപാടുകള്‍ ഭരണഘടന ഉപയോഗിച്ച് മറയ്ക്കാനുള്ള നീക്കമാണ് ഗവര്‍ണര്‍ നടത്തുന്നത്.’- ഗോവിന്ദന്‍ വ്യക്തമാക്കി.
Post Your Comments