തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. തട്ടിപ്പിനായി സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിക്കുകയും വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുകൾ നിർമ്മിക്കുന്നതിനാവശ്യമായ സഹായം നൽകുകയും ചെയ്ത മഹാരാഷ്ട്ര സ്വദേശികളായ അമരീഷ് അശോക് പാട്ടീൽ, സിദ്ധേഷ് ആനന്ദ് കാർവെ എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ ഷെയ്ക്ക് മുർത്തുസാമിയ ഹയാത്ത് ഭായ് എന്നയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഗോവൻ കാസിനോകളിൽ സ്ഥിരമായി ചൂതാട്ടത്തിൽ ഏർപ്പെടുന്ന ഇവർ ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളിലും സമീപ സ്ഥലങ്ങളിലും കോഴിക്കോട് സിറ്റി സൈബർ പോലീസും സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. മൊബൈൽ നമ്പറുകളും മൊബൈൽ ഫോണുകളും മാറി മാറി ഉപയോഗിക്കുകയും താമസ സ്ഥലങ്ങൾ നിരന്തരം മാറുകയും ചെയ്യുന്ന പ്രതികളെ ചൂതാട്ട കേന്ദ്രങ്ങൾ നിറഞ്ഞ ഗോവയിലെ പഞ്ചിമിൽ നിന്നാണ് കണ്ടെത്തിയത്.
പ്രതികൾ നിരവധി ഓൺലൈൻ തട്ടിപ്പുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. തട്ടിപ്പിന് ഉപയോഗിക്കുന്ന ആറ് മൊബൈൽ ഫോണുകളും 30 ൽ അധികം സിം കാർഡുകളും 10 ൽ അധികം എടിഎം കാർഡുകളും ബാങ്ക് ചെക്ക് ബുക്കുകളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്നു വിരമിച്ച കോഴിക്കോട് സ്വദേശിയെ ജോലിചെയ്തിരുന്ന സുഹൃത്തിന്റെ ശബ്ദവും വീഡിയോ ഇമേജും വ്യാജമായി നിർമ്മിച്ച് ആശുപത്രി ചെലവിനെന്ന വ്യാജേന 40,000 രൂപ തട്ടിയെടുത്ത പരാതിയിലായിരുന്നു അന്വേഷണം. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ദിനേശ് കോറോത്ത്, സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ എം, സീനിയർ സിവിൽ പോലീസ് ഓഫീസർ ബീരജ് കുന്നുമ്മൽ, സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്‌പെക്ടർ ഒ മോഹൻദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് പടിയാത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Read Also: ‘എല്ലാവരും ഞാൻ ആരാണെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്, ഞാനും ആ അന്വേഷണത്തിലാണ്’: മോഹൻലാൽ
Post Your Comments