KeralaLatest NewsNews

ശബരിമലയിലെ തിരക്ക്; സജി ചെറിയാൻ കലാപാഹ്വാനത്തിന് ശ്രമം നടത്തി – ഡി.ജി.പിയ്ക്ക് പരാതി

തിരുവനന്തപുരം: ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം വിവാദമാകുന്നു. സംഭവത്തിൽ സജി ചെറിയാനെതിരെ ഡി.ജി.പിയ്ക്ക് പരാതി നൽകിയിരിക്കുകയാണ് കോണ്‍ഗ്രസ്. സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആണ് പരാതി നല്‍കിയത്. പാമ്പാടിയിലെ നവകേരള സദസില്‍ മന്ത്രി നടത്തിയ വിവാദ പരാമർശത്തിനെതിരെയാണ് പരാതി.

മതസൗഹാര്‍ദ്ദം തകര്‍ക്കാനും കലാപം സൃഷ്ടിക്കാനുമാണ് മന്ത്രി പ്രസ്താവനയിലൂടെ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ശബരിമല വിഷയം രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്‍ ശബരിമല മേല്‍ശാന്തി പറഞ്ഞെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. നവകേരള സദസ് കോട്ടയത്ത് എത്തിയപ്പോള്‍ സമീപത്തുള്ള ശബരിമലയില്‍ കൃത്രിമ തിരക്ക് സൃഷ്ടിച്ച് ശ്രദ്ധ തിരിക്കാന്‍ ശ്രമം നടന്നതായും ഇത് അന്വേഷിക്കുമെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മുന്നൂറ് പരാതികള്‍ ലഭിച്ചതായി ദേവസ്വം ബഞ്ച് അറിയിച്ചിരുന്നു.

ഇതിനിടെ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറായി കെ.സുദര്‍ശന്‍ ഐപിഎസ് ഇന്നലെ ചുമതലയേറ്റു. പമ്പയില്‍ മധുസൂദനനും നിലയ്ക്കലില്‍ കെ.വി.സന്തോഷുമാണ് പുതിയ സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍. കനത്ത തിരക്ക് പരിഗണിച്ച് മുന്‍ പരിചയമുള്ള ഉദ്യോഗസ്ഥരെയാണ് ഇത്തവണ നിയമിച്ചിരിക്കുന്നത്. മിക്കപ്പോഴും മണിക്കൂറുകളോളമാണ് തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനായി കാത്തു നില്‍ക്കേണ്ടി വരുന്നത്. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം അടക്കം ലഭിച്ചില്ലെന്ന പരാതികളും ഉയര്‍ന്നിരുന്നു. ഇതിനിടെ പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെഎസ്ആര്‍ടിസി സര്‍വീസ് നടക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധം നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button