ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ വോയിസ് മെസേജിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. വോയിസ് മെസേജുകളിലും വ്യൂ വൺസ് ഓപ്ഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വോയിസ് മെസേജുമായി ബന്ധപ്പെട്ട വ്യൂ വൺസ് ഫീച്ചർ ലൈവ് ആക്കിയാൽ സ്വീകർത്താവിന് ഒരുതവണ മാത്രമേ ഓഡിയോ കേൾക്കാൻ സാധിക്കുകയുള്ളൂ. ഒരിക്കൽ കേട്ടുകഴിഞ്ഞാൽ ഉടൻ തന്നെ സ്വീകർത്താവിന്റെ ഫോണിൽ നിന്ന് വോയിസ് മെസേജ് ഡിലീറ്റ് ആകുന്ന തരത്തിലാണ് ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വോയിസ് മെസേജിലും ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.
വോയിസ് മെസേജുകൾ റെക്കോർഡ് ചെയ്യുമ്പോൾ തന്നെ അതിന് തൊട്ടടുത്തായി വ്യൂ വൺസ് എന്ന ഐക്കൺ കാണാൻ സാധിക്കും. ഇതിൽ ടച്ച് ചെയ്ത്, ഉപഭോക്താക്കൾക്ക് വോയിസ് മെസേജുകൾ ഒറ്റത്തവണയായി അയക്കാൻ കഴിയുന്നതാണ്. അതേസമയം, സ്വീകർത്താവ് വോയിസ് മെസേജ് തുറന്നിട്ടില്ലെങ്കിൽ, അവ 14 ദിവസം കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകുന്നതാണ്. നേരത്തെ ചിത്രങ്ങളും വീഡിയോകളും അയക്കുന്നതിന് വേണ്ടി വ്യൂ വൺസ് ഫീച്ചർ പുറത്തിറക്കിയിരുന്നു. ഈ ഫീച്ചറിലൂടെ ചിത്രങ്ങളും വീഡിയോകളും ഒറ്റത്തവണ മാത്രമാണ് കാണാൻ സാധിച്ചിരുന്നുള്ളൂ. ഇതിന് സമാനമായാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഡിസപ്പിയറിംഗ് വോയിസ് മെസേജ് ഫീച്ചറും.
Post Your Comments