ന്യൂഡൽഹി: ബാങ്ക് കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളിലേക്ക് നിരന്തരം എത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ടെലികോം വകുപ്പ്. വിശ്വസനീയമായ രീതിയിലാണ് പലപ്പോഴും ഉപഭോക്താക്കളിലേക്ക് ഇത്തരം വ്യാജ സന്ദേശങ്ങൾ എത്തുന്നത്. അതിനാൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ടെലികോം വകുപ്പ് അറിയിച്ചു. ഇതിനോടൊപ്പം മാർഗ്ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്. ബാങ്ക് കെവൈസി അപ്ഡേഷന്റെ പേരിൽ ഉപഭോക്താക്കളിൽ നിന്ന് യൂസർ ഐഡി, പാസ്‌വേഡ്, ഡെബിറ്റ് കാർഡ് നമ്പർ, പിൻ, സിവിവി, ഒടിപി എന്നിവ കൈക്കലാക്കാനാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത്. അതിനാൽ, ഇത്തരത്തിലുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് ടെലികോം വകുപ്പ് അറിയിച്ചു.
സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട് ഇമെയിലുകൾ, കോളുകൾ എന്നിവ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ടെലികോം വകുപ്പ് മാർഗ്ഗരേഖ പുറത്തുവിട്ടത്. തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇന്റർനെറ്റ് സേവന ദാതാക്കൾ പൊതുജനങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനോടൊപ്പം വ്യാജ സന്ദേശങ്ങൾക്കെതിരെ 15 ദിവസത്തിനുള്ളിൽ ടെലികോം കമ്പനികൾ സ്വീകരിച്ച നടപടികളെക്കുറിച്ചും വ്യക്തമാക്കണം. ബാങ്കുകളുടെ പേരിൽ നിരന്തരം വ്യാജ ഫോൺ കോളുകൾ ലഭിക്കുന്നതിനെതിരെ നിരവധി ഉപഭോക്താക്കൾ പരാതി ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments