ന്യൂഡൽഹി: രാജ്യത്തെ വാഹനങ്ങളിലെ ഫാസ്റ്റാഗുകൾ സംബന്ധിച്ച് പുതിയ അറിയിപ്പുമായി നാഷണൽ ഹൈവേ അതോറിറ്റി. വാഹനങ്ങളിൽ ഫാസ്റ്റാഗ് ഉള്ളവർ നിർബന്ധമായും കെവൈസി നിബന്ധനകൾ പൂർത്തിയാക്കേണ്ടതാണ്. ഇതിനായി വാഹന ഉടമകൾ എത്രയും പെട്ടെന്ന് തന്നെ ഫാസ്റ്റാഗ് ഇഷ്യു ചെയ്തിട്ടുള്ള ബാങ്കിനെയോ, ഏജൻസിയെയോ സമീപിക്കേണം. ജനുവരി 31ന് മുൻപ് കെവൈസി പ്രക്രിയകൾ പൂർത്തിയാക്കാത്ത ഫാസ്റ്റാഗുകൾ പ്രവർത്തനരഹിതമാകുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫാസ്റ്റാഗുകളിൽ ബാലൻസ് ഉണ്ടെങ്കിലും കെവൈസി സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ലെങ്കിൽ ഡിആക്ടിവേറ്റ് ചെയ്യുന്നതാണ്. ഫാസ്റ്റാഗുകൾ പ്രവർത്തനരഹിതമാകുന്നത് വഴി ടോൾ പ്ലാസകളിലും മറ്റും ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, നിശ്ചിത തീയതിക്കകം നിർബന്ധമായും കെവൈസി പൂർത്തിയാക്കണം. ഫാസ്റ്റാഗ് വഴിയുള്ള ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനത്തിന്റെ കാര്യക്ഷമത കൂടുതൽ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, ഒരു വാഹനത്തിന്റെ പേരിൽ ഒന്നിലധികം ഫാസ്റ്റാഗുകൾ ഉണ്ടെങ്കിൽ, ഒരെണ്ണം ഒഴികെ മറ്റു ടാഗുകൾ നിർബന്ധമായും നശിപ്പിക്കേണ്ടതാണ്.
Also Read: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഉടൻ എത്തും, റോഡ് ഷോ ഏഴരയോടെ
Post Your Comments