Latest NewsNewsBusiness

യുപിഐ തട്ടിപ്പ് വീരന്മാർ പെരുകുന്നു! ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഇക്കാര്യങ്ങൾ അറിയൂ

യുപിഐ സേവനങ്ങളുടെ വളർച്ചയ്ക്ക് പിന്നാലെ നിരവധി തട്ടിപ്പ് സംഘങ്ങളുടെ എണ്ണവും പെരുകിയിട്ടുണ്ട്

ചെറിയ ഇടപാടുകൾ മുതൽ വലിയ ഇടപാടുകൾ വരെ നടത്താൻ യുപിഐ പേയ്മെന്റ് സംവിധാനത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഡിജിറ്റൽ പേയ്മെന്റുകളുടെയും, ഇ-കോമേഴ്സിന്റെയും ഈ കാലഘട്ടത്തിൽ, ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് യുപിഐ പേയ്മെന്റ് സംവിധാനത്തിന് ഉള്ളത്. വളരെ എളുപ്പത്തിൽ ഇടപാടുകൾ നടത്താൻ കഴിയുമെന്നതിനാലാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ യുപിഐ ജനപ്രിയമായി മാറിയത്. എന്നാൽ, യുപിഐ സേവനങ്ങളുടെ വളർച്ചയ്ക്ക് പിന്നാലെ നിരവധി തട്ടിപ്പ് സംഘങ്ങളുടെ എണ്ണവും പെരുകിയിട്ടുണ്ട്.

ഉപഭോക്താക്കളെ കബളിപ്പിച്ചും മറ്റുമാണ് തട്ടിപ്പ് വീരന്മാർ അക്കൗണ്ടിൽ നിന്ന് പണം തട്ടുന്നത്. പലപ്പോഴും ഇത്തരം ചതിക്കുഴികൾ ഉപഭോക്താക്കൾ തിരിച്ചറിയണമെന്നില്ല. അതുകൊണ്ടുതന്നെ ഓരോ തവണയും യുപിഐ ഇടപാടുകൾ നടക്കുമ്പോൾ അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യ ഘട്ടങ്ങളിൽ മുൻകരുതലുകൾ എടുക്കുന്നതും ഗുണം ചെയ്യും. യുപിഐ പേയ്മെന്റുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങളെക്കുറിച്ച് അറിയാം.

സ്വീകർത്താവിന്റെ പേര് സ്ഥിരീകരിക്കുക: യുപിഐ ഇടപാടുകൾ നടത്തുമ്പോൾ നിർബന്ധമായും സ്വീകർത്താവിന്റെ പേര് പരിശോധിക്കുന്നത് നല്ലതാണ്. ഇതിലൂടെ തെറ്റായ ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കാനാകും.

യുപിഐ പിൻ: എടിഎം പിൻ നമ്പർ പോലെ വളരെ രഹസ്യമായി സൂക്ഷിക്കേണ്ടവയാണ് യുപിഐ പിൻ നമ്പറും. യുപിഐ പിൻ നമ്പർ ലഭിക്കുന്നതോടെ തട്ടിപ്പുകാർക്ക് എളുപ്പത്തിൽ പണം തട്ടാൻ കഴിയും.

പേയ്മെന്റുകൾക്കായി മാത്രം ക്യു ആർ കോഡ് സ്കാനിംഗ്: പേയ്മെന്റുകൾ നടത്തുന്നതിനു വേണ്ടിയാണ് ക്യുആർ കോഡ് സ്കാനിംഗ് സംവിധാനം ഉപയോഗിക്കേണ്ടത്. ഇവ ഒരു കാരണവശാലും പണം സ്വീകരിക്കേണ്ട മാർഗ്ഗമല്ലെന്ന് ഓർത്തിരിക്കണം.

അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക: അജ്ഞാതമായ സോഴ്സുകളിൽ നിന്നും, ലിങ്കുകളിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന ശീലം പരമാവധി ഒഴിവാക്കുക. കൂടാതെ, പരിചിതരല്ലാത്ത വ്യക്തികൾ ആവശ്യപ്പെടുമ്പോൾ ഒരിക്കലും സ്ക്രീൻ ഷെയറിംഗ് നടത്താൻ പാടുള്ളതല്ല.

എസ്എംഎസ് അറിയിപ്പുകൾ പരിശോധിക്കുക: എസ്എംഎസ് അറിയിപ്പുകൾ പതിവായി പരിശോധിക്കുന്നത് ഏറെ ഗുണം ചെയ്യും. പണമിടപാട് പൂർത്തിയാകുമ്പോൾ സാധാരണയായി എസ്എംഎസുകൾ ഉപഭോക്താക്കളുടെ ഫോണിലേക്ക് എത്താറുണ്ട്.

Also Read: കാനഡയിലേക്ക് നഴ്സുമാർക്ക് അവസരം: നോര്‍ക്ക – കാനഡ റിക്രൂട്ട്മെന്റ്, സ്പോട്ട് ഇന്റര്‍വ്യൂ കൊച്ചിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button