Latest NewsIndiaNewsInternational

‘നല്ല ആതിഥേയർ’: പാക് കാമുകനൊപ്പം കഴിഞ്ഞ ശേഷം മടങ്ങിയെത്തിയ അഞ്‍ജു പറയുന്നു, യുവതിയെ ചോദ്യം ചെയ്തു

ന്യൂഡൽഹി: ഫേസ്ബുക്ക് പ്രണയത്തെത്തുടര്‍ന്ന് കാമുകനെ കാണാൻ പാകിസ്ഥാനിലെത്തിയ യുവതി ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. മതംമാറി കാമുകനെ വിവാഹം കഴിച്ച അഞ്ജു ഇന്നലെ രാത്രിയാണ് അട്ടാരി-വാഘ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിയത്. പാകിസ്ഥാനിലുള്ളവർ തന്നോട് നന്നായി പെരുമാറിയെന്നും എല്ലാവരേയും സ്നേഹത്തോടെയും ബഹുമാനത്തോടെയും സ്വാഗതം ചെയ്യുകയാണ് പാക് പൗരന്മാരുടെ സ്വഭാവമെന്നും അഞ്‍ജു പറഞ്ഞു.

അഞ്ജുവിനെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് ശേഷമാണ് അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. പാകിസ്ഥാൻ വിടുന്നതിന് മുമ്പ്, മികച്ച ആതിഥേയരായതിന് പാകിസ്ഥാനിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് അഞ്ജു ഒരു വീഡിയോ സന്ദേശം റെക്കോർഡു ചെയ്തിരുന്നു. ‘ഇവിടെയുള്ളവർ (പാകിസ്ഥാനത്തിൽ ഉള്ളവർ) ഞങ്ങളുടെ കുടുംബത്തിൽ നിന്നുള്ളവരാണോ അതോ പുറത്തുനിന്നുള്ളവരാണോ എന്ന് അവർ ചിന്തിക്കുന്നില്ല, ഞാൻ എവിടെ പോയാലും എനിക്ക് വളരെ നല്ല ആതിഥ്യമാണ് ലഭിച്ചത്’ യുവതി പറഞ്ഞു.

ഇപ്പോൾ ഫാത്തിമ എന്നറിയപ്പെടുന്ന 34 കാരിയായ യുവതി ജൂലൈ മുതൽ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് താമസിച്ചത്. തന്റെ ഫേസ്ബുക്ക് സുഹൃത്തായ നസ്‌റുല്ലയെ വിവാഹം കഴിച്ചതിന് ശേഷമാണ് അവൾ ഇസ്ലാം മതം സ്വീകരിച്ചത്. ജൂലൈയിൽ പാകിസ്ഥാനിലേക്ക് കടക്കുമ്പോൾ, താൻ രാജ്യം സന്ദർശിക്കുക മാത്രമാണ് ചെയ്യുന്നതെന്നും നസ്‌റുല്ലയെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും അഞ്ജു അവകാശപ്പെട്ടിരുന്നു. വിസയുടെ കാലാവധി തീരുന്ന ആഗസ്ത് 20ന് താൻ ഇന്ത്യയിൽ തിരിച്ചെത്തുമെന്നും അവർ പറഞ്ഞു.

അതേസമയം, എന്തുകൊണ്ടാണ് നാട്ടില്‍ തിരിച്ചെത്തിയതെന്ന ചോദ്യത്തിന്, മുഖം മറച്ച്‌ വേഗത്തില്‍ നടന്നു പോയ യുവതി സന്തോഷമുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമാണ് മറുപടി നൽകിയത്. യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട നസ്റുല്ലയെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് യുവതി അതിര്‍ത്തി കടന്നത്. കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോവുകയാണെന്ന് ഭര്‍ത്താവ് അരവിന്ദിനെ അറിയിച്ച ശേഷമാണ് അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. എന്നാല്‍ യുവതി പാകിസ്ഥാനിലെത്തിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അരവിന്ദ് വ്യക്തമാക്കിയിരുന്നു.

അതേസമയം സെപ്റ്റംബറില്‍ അഞ്ജു മക്കളെ കാണാന്‍ സാധിക്കാത്തതില്‍ മാനസിക വിഷമത്തിലാണെന്ന് നസ്‌റുല്ല പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ഇന്ത്യയിലേക്കുള്ള മടക്കം. എന്നാൽ, അഞ്ജു എവിടെയാണെന്ന് തനിക്ക് അറിവില്ലെന്നും അവളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ താൽപ്പര്യമില്ലെന്നും അരവിന്ദ് ബുധനാഴ്ച പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button