തൃശൂര്‍: കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചെയർമാൻ സ്ഥാനത്തേക്കുള്ള എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. റീ കൗണ്ടിംഗ് നടത്തി ഫലം പ്രഖ്യാപിക്കണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ക്കും കോളജ് പ്രിന്‍സിപ്പലിനുമാണ് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.
കെ എസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് ടിആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നായിരുന്നു കെ എസ് യുവിന്റെ ആക്ഷേപം. കേരള വർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൻ്റെ നടപടിക്രമങ്ങളിൽ അപാകതയുണ്ടെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
എല്ലാ സീറ്റിലേക്കും കൂടി ഒറ്റ ബാലറ്റ് പേപ്പർ എന്ന രീതി തെറ്റാണ്. നിയമം കൃത്യമായി പാലിച്ചിരുന്നു എങ്കിൽ തർക്കം ഉണ്ടാകുമായിരുന്നില്ല. റിട്ടേണിംഗ് ഓഫീസർ ഒറിജിനൽ രേഖകളിൽ ഒപ്പുവെച്ചിട്ടില്ല. അസാധു വോട്ട് മാറ്റി വെക്കാതെ വീണ്ടും എണ്ണിയത് തെറ്റാണ്. ഇത് റിട്ടേണിംഗ് ഓഫീസർ കോടതി മുൻപാകെ സമ്മതിച്ചു. ആരാണ് കൗണ്ടിംഗ് ഓഫീസർമാരെ തീരുമാനിച്ചതെന്നും എന്തായിരുന്നു മാനദണ്ഡമെന്നും നേരത്തെ കേസ് പരിഗണിക്കവെ സിംഗിൾ ബെഞ്ച് ചോദിച്ചിരുന്നു.
Post Your Comments