കൊല്ലം: ഇന്നലെ വൈകിട്ട് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കേരളം. അതിനിടയിലാണ് കൊല്ലത്ത് നിന്നും മറ്റൊരു കുട്ടിയെ കൂടി തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെന്ന വാർത്തകൾ പുറത്തുവരുന്നത്. അബിഗേലിന്റെ വീട്ടിൽ നിന്നും പത്തുകിലോമീറ്റർ അകലെയുള്ള സംഘംമുക്ക് താന്നിവിള പനയ്ക്കൽ ജംക്ഷനിലാണ് പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.
ചൈത്രം വീട്ടിൽ സൈനികനായ ആർ.ബിജുവിന്റെയും ചിത്രയുടെയും മകളെയാണ് കഴിഞ്ഞ ദിവസം രാവിലെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. രാവിലെ 8.30ന് വീട്ടിനകത്തുനിന്നിരുന്ന 12 വയസ്സുള്ള മകൾ സിറ്റൗട്ടിലേക്ക് എത്തിയപ്പോഴാണ് വീടിന് മുന്നിൽ ചുരിദാർ ധരിച്ച ഒരു സ്ത്രീ മുഖം മറച്ചു നിൽക്കുന്നതു കണ്ടത്. ആരാണെന്നു ചോദിച്ചപ്പോൾ പെട്ടെന്നു ഗേറ്റ് കടന്ന് ഒാടി സമീപത്ത് ബൈക്കിൽ കാത്തുനിന്ന ആളുമായി കടന്നു കളഞ്ഞു. സംഭവം സംബന്ധിച്ചു കുട്ടിയുടെ അമ്മ വൈകിട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് ഒരു മണിക്കൂറിനു ശേഷമാണ് ഒായൂരിൽ അബിഗേലിനെ തട്ടിക്കൊണ്ടുപോയത്.
അതിനിടെ, ആറു വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പെൺകുട്ടിയേയും സഹോദരനെയും കാറിലേക്ക് വലിച്ചുകയറ്റാൻ ശ്രമിക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ സംഭവങ്ങൾ ഒരാൾ കണ്ടുനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അബിഗേൽ സാറ റെജിയെ കാറിലേക്ക് വലിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹോദരനെയും വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. പ്രദേശവാസിയെന്ന് സംശയിക്കപ്പെടുന്നയാളാണ് ഈ സംഭവങ്ങൾ കണ്ടുകൊണ്ട് നിൽക്കുന്നത്. ഏകദേശം 50 വയസ് പ്രായമുള്ള ഒരു വ്യക്തിയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരങ്ങൾ.
അതിനിടെ, അബിഗേൽ സാറാ റജിയെ തട്ടിക്കൊണ്ടുപോകാൻ ഇതിന് മുമ്പും ശ്രമം നടന്നെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നവംബർ 24-ാം തീയതിയും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നു എന്നാണ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘത്തിന് ഇക്കാര്യം വ്യക്തമായതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അബിഗേലിനെതന്നെ തട്ടിക്കൊണ്ടുപോകണമെന്ന ലക്ഷ്യത്തോടെ സംഘം പ്രവർത്തിച്ചുവെന്നാണ് പോലീസ് കരുതുന്നത്. കുട്ടിയുടെ കുടുംബത്തിലെ ഏതെങ്കിലും വ്യക്തിയോടുള്ള വൈരാഗ്യമാകാം ഇതിന് പിന്നിലെന്നും സൂചനകളുണ്ട്. നവംബർ 24നായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ആദ്യശ്രമം നടന്നത്. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറാണ് അന്ന് സംഘം ഉപയോഗിച്ചത്. എന്നാൽ, കുട്ടിയുടെ ഒപ്പം മുത്തശ്ശി ഉണ്ടായിരുന്നതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ കാർ കുറേദിവസമായി പ്രദേശത്തു കണ്ടിരുന്നതായി പെൺകുട്ടിയുടെ സഹോദരൻ ജോനാഥൻ വീട്ടിൽ പറഞ്ഞിരുന്നു. മകളെ സൂക്ഷിക്കണേയെന്ന് അമ്മ സിജി ഉപദേശവും നൽകി. പിന്നീട് കാർ കാണുമ്പോഴൊക്കെ അബിഗേൽ സാറ പേടിച്ചു പുറകോട്ടുമാറുമായിരുന്നു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, സംഭവം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും തട്ടിക്കൊണ്ടുപോയത് ആരെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. പൊലീസിനൊപ്പം നാടിന്റെ വിവിധ മേഖലകളിൽ സാധാരണ ജനങ്ങളും ആറുവയുകാരിക്കായുള്ള തെരച്ചിലിലാണ്. കഴിഞ്ഞ രാത്രിയിൽ അന്വേഷണവും പ്രാർത്ഥനകളുമായി ഉറങ്ങാതെ കുട്ടിയെ തേടുകയാണ് മലയാളികൾ. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും സംസ്ഥാന അതിർത്തി പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
നാടിന്റെ ഉൾപ്രദേശങ്ങളിലും വനമേഖലകളിലും തെരച്ചിൽ ശക്തമാണ്. നാട്ടുകാരും യുവജന സംഘടനാപ്രവർത്തകരും പൊലീസിനെപ്പം കുഞ്ഞിനായുള്ള തെരച്ചിലിന് രംഗത്തുണ്ട്. ഇന്നു വെളുപ്പിന് രണ്ടര മണിയോടെ പകൽക്കുറി ആയിരവല്ലി ക്ഷേത്രത്തിന് സമീപം പൊലീസ് പരിശോധന നടത്തി. പ്രദേശത്ത് അപരിചിതരായ ചിലരെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘമെത്തിയത്. എന്നാൽ സംശയാസ്പദമായി രീതിയിലൊന്നും കണ്ടെത്തിയില്ല. മേഖലയിൽ വിശദമായ പരിശോധന തുടരുകയാണെന്ന് പള്ളിക്കൽ പൊലീസ് അറിയിച്ചു.
Post Your Comments