കൊച്ചി: ലിസി ആശുപത്രിയില്‍ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയമെന്ന് വ്യക്തമാക്കി ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം. ഹരിനാരായണനെ ഐസിയുവിലേക്ക് മാറ്റിയതായും 48 മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രമെ ശസ്ത്രക്രിയ പൂര്‍ണമായി വിജയകരമെന്ന് പറയാന്‍ കഴിയുകയുള്ളുവെന്നും ഡോക്ടർ പറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി സെൽവിൻ ശേഖറിൻറെ ഹൃദയമാണ് 16 വയസുള്ള ഹരിനാരായണനിൽ മിടിക്കുക.
തിരുവനന്തപുരത്ത് നിന്ന് ഹൃദയം എറണാകുളത്ത് എത്തിക്കുക ഏന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. അവിടെ നിന്ന് 40 മിനിറ്റ് കൊണ്ടാണ് ഹൃദയം കൊച്ചിയില്‍ എത്തിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ട് മൂന്നുമണിയോടെ വിജയകരമായി അവസാനിച്ചു.
മന്ത്രി പി രാജീവിന്റെ ഇടപെടലിലൂടെ സര്‍ക്കാര്‍ സൗജന്യമായി ഹെലികോപ്റ്റര്‍ തന്നത് ഏറെ സഹായകമായി. സംസ്ഥാനത്ത് അവയവദാനം ഏകദേശം നിലച്ച സാഹചര്യത്തില്‍ ഒരുമാസം മുന്‍പ് ഹരിനാരായണനെ ചെന്നൈയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ലക്ഷക്കണക്കിന് രൂപ നല്‍കി ഹൃദയം മാറ്റിവെക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തിരിച്ചുവരികയായിരുന്നു. അതിനിടെയാണ് ഹൃദയം ലഭിക്കുന്ന സാഹചര്യമുണ്ടായത്. സര്‍ക്കാരിന്റെയും പൊലീസിന്റെയും മാധ്യമങ്ങളുടെയും പിന്തുണ ലഭിച്ചതായും ഡോക്ടര്‍ പറഞ്ഞു.
ഇരുചക്രവാഹന യാത്രികരാണോ: ഹെൽമെറ്റ് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം വിശദമാക്കി പോലീസ്
കിംസ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഹൃദയം ഇവിടെനിന്നാണ് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് കൊണ്ടുപോയത്. ആംബുലന്‍സ് കടന്നുവന്ന വഴിയില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചി ബോള്‍ഗാട്ടി ഹെലിപാഡിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്. ഇവിടെനിന്ന് റോഡ് മാര്‍ഗം ആംബുലന്‍സില്‍ മൂന്ന് മിനിറ്റിനുള്ളില്‍ ലിസി ആശുപത്രിയില്‍ എത്തിച്ചു. ഇതിനായി കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ, ഹരിനാരായണന്റെ സഹോദരനും സമാനമായ രീതിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
Post Your Comments