കൊല്ലം: മദ്യലഹരിയില്‍ വാഹനമോടിച്ച് നിരത്തില്‍ അഴിഞ്ഞാടി വീട്ടമ്മയുടെ ജീവനെടുത്ത അജ്മലിനും യുവ ഡോക്ടര്‍ ശ്രീകുട്ടിക്കും എതിരെ അതിഗുരുതര ആരോപണങ്ങളുമായി നാട്ടുകാരും ദൃക്‌സാക്ഷികളും. സ്‌കൂട്ടര്‍ യാത്രികയായ കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം കാര്‍ മുന്നോട്ട് എടുക്കാന്‍ ശ്രീകുട്ടി നിര്‍ദ്ദേശിച്ചെന്നാണ് സാക്ഷിമൊഴി. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്.
Read Also:പോകുന്നിടത്തൊക്കെ വീട്ടിലെ വൈ-ഫൈ കിട്ടും, വിപ്ലവം രചിക്കാന്‍ ബിഎസ്എന്‍ല്ലിന്റെ ‘സര്‍വത്ര’ പദ്ധതി
സംഭവത്തില്‍ അജ്മലിനെതിരെ ഭാരതീയ ന്യായ സംഹിത 105-ാം വകുപ്പ് പ്രകാരം നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന യുവതിയെയും കേസില്‍ പ്രതിചേര്‍ക്കുമെന്നാണ് വിവരം. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി ആയ ശ്രീകുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഈ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വച്ചാണ് അജ്മലും ശ്രീകുട്ടിയും പരിചയപ്പെടുന്നതെന്നും പൊലീസ് പറയുന്നു.
നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് കാര്‍ മുന്നോട്ടെടുത്തതെന്നാണ് അജ്മലിന്റെ മൊഴി. അജ്മലും ശ്രീകുട്ടിയും ഒരു സുഹൃത്തിന്റെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങി വരുമ്പോഴായിരുന്നു നടുക്കുന്ന ക്രൂരത നടന്നത്. ലഹരിവസ്തുക്കള്‍ വിറ്റ സംഭവത്തില്‍ അജ്മലിനെതിരെ നേരത്തെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ മൈനാഗപ്പള്ളിയില്‍ വച്ചായിരുന്നു സ്‌കൂട്ടര്‍ യാത്രികയായ കുഞ്ഞുമോളെ (45) ഇടിച്ചിട്ട് ശരീരത്തിലൂടെ കാര്‍ കയറ്റിയത്. അതിഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോള്‍ രാത്രിയോടെ മരിച്ചു. വീട്ടമ്മയെ കാറിടിക്കുന്നതും നാട്ടുകാര്‍ ഓടിക്കൂടി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വീട്ടമ്മയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി അജ്മല്‍ കാര്‍ കൊണ്ടുപോകുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.
Post Your Comments