Latest NewsNewsIndia

ഇനി തുരക്കാനുള്ളത് അഞ്ച് മീറ്റർ മാത്രം: നിർത്തി വച്ച രക്ഷാപ്രവർത്തനം ഇന്ന് വീണ്ടും പുനരാരംഭിക്കും

ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിക്കും. ഓഗര്‍ മെഷീൻ കേടുവന്നതിനെ തുടർന്ന് ഇന്നലെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചിരുന്നു. തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികൾ സുരക്ഷിതരാണെന്ന്  അധികൃതർ അറിയിച്ചു. കുടുങ്ങി കിടക്കുന്നവരെ
ഇന്നലെ പുറത്തെടുക്കാമെന്നാണ് അധികൃതർ കരുതിയിരുന്നത്. എന്നാല്‍, ഒന്നിലേറെ തവണ യന്ത്രം തകരാറിലായതും ലോഹ പാളികൾ നീക്കം ചെയ്യാൻ സമയം കൂടുതൽ എടുത്തതുമാണ് രക്ഷാ പ്രവർത്തനം നീളാൻ കാരണം. ഓഗർ മെഷീൻ്റെ ബ്ലേഡുകൾ പൊട്ടിയതോടെ രക്ഷാ പ്രവർത്തനം താൽക്കാലികമായി നിർത്തി. രാത്രി സമയം കൊണ്ട് ബ്ലേഡുകൾ ശരിയാക്കാൻ സാധിച്ചാൽ രാവിലെ മുതൽ രക്ഷാ ദൗത്യം പുനരാരംഭിക്കാൻ സാധിക്കും. തൊഴിലാളികൾക്ക് രക്ഷാ പാത ഒരുക്കാനുള്ള പൈപ്പ് സ്ഥാപിക്കാൻ ഏതാനും മീറ്റർ ദൂരം കൂടിയേ ബാക്കിയുള്ളൂ എന്ന് അന്താരാഷ്ട്ര തുരങ്ക വിദഗ്ദൻ അർനോൾഡ് ഡിക്സ് വ്യക്തമാക്കി.
തുരങ്കത്തിനുള്ളിലേക്ക്  ഓക്സിജൻ നൽകുന്ന പൈപ്പിനും ഇന്നലെ നേരിയ തകരാറുകൾ കണ്ടെത്തിയിരുന്നു. യുദ്ധകാലടിസ്ഥാനത്തിൽ തകരാറ് പരിഹരിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ അന്തരീക്ഷ താപനില കുറയുന്നതിനാൽ ഇന്ന് തന്നെ രക്ഷാ പ്രവർത്തനം പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.

shortlink

Related Articles

Post Your Comments


Back to top button