നടന്‍ വിനോദിന്റെ മരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച്; കാറില്‍ എ.സിയിട്ട് ഉറങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

കഴിഞ്ഞ ദിവസമായിരുന്നു മലയാളികള്‍ക്ക് സുപരിചിതനായ സിനിമ-സീരിയല്‍ താരം വിനോദ് തോമസ് മരണപ്പെട്ടത്. കാറിനുള്ളില്‍ മരിച്ച നിലയില്‍ ആയിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. കോട്ടയം പാമ്പാടിയിലെ ബാറിനു സമീപത്ത് വെച്ചായിരുന്നു സംഭവം. ശനിയാഴ്ച വൈകുന്നേരം 5.30 യോടെ വിനോദിനെ കാറിനകത്ത് അബോധാവസ്ഥയില്‍ ഹോട്ടല്‍ ജീവനക്കാരാണ് കണ്ടത്. 2 മണി മുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ വിനോദ് ഇരുന്നെന്നാണ് വ്യക്തമാകുന്നത്.

ഇദ്ദേഹത്തെ തട്ടിവിളിച്ചെങ്കിലും കാർ തുറന്നില്ല. ഒടുവില്‍ സ്ഥലത്തെത്തിയവര്‍ കാറിന്റെ ചില്ല് പൊട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പറയുന്നുണ്ട്. സ്റ്റാര്‍ട്ട് ചെയ്ത കാറില്‍ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരുന്നതാണ് പ്രശ്നമായത്. കാറില്‍ മയങ്ങുന്നതിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം.

നിരന്തരം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചുള്ള അപകട വാര്‍ത്തകള്‍ പുറത്തെത്താറുണ്ടെങ്കിലും അതിന്റെ തീവ്രതയെ കുറിച്ചോ, അപകട സാധ്യതയെ കുറിച്ചോ അധികമാര്‍ക്കും അറിയില്ലെന്നതാണ് വസ്തുത. കാർബൺ മോണോക്സൈഡ് വിഷബാധയുള്ളതിനാൽ എസി ഓണാക്കി കാറിൽ ഉറങ്ങുന്നത് നമുക്ക് അപകടകരമാണ്. കാറിൽ കിടന്ന് ഉറങ്ങുമ്പോൾ എക്‌സ്‌ഹോസ്റ്റിലെ ദ്വാരങ്ങളിലൂടെയും വിൻഡോയിലെ വിള്ളലുകളിലൂടെയും എസി വെന്റുകളിൽ നിന്നുപോലും കാർബൺ മോണോക്‌സൈഡ് വാതകം നിങ്ങളുടെ കാബിനിലേക്ക് പ്രവേശിക്കാം. കാർബൺ മോണോക്സൈഡ് നിറമില്ലാത്തതും മണമില്ലാത്തതുമായ വാതകമാണ്. ഇത് ശ്വസിച്ച് അബോധാവസ്ഥയിലേക്ക് പോവുകയും ഉറക്കത്തിൽ മരണം സംഭവിക്കുകയും ചെയ്യും. രക്തത്തിലേക്കും കോശങ്ങളിലേക്കും ഓക്സിജൻ ലഭിക്കുന്നത് ഇത് തടയുന്നു. ഇത് വിഷബാധ, മസ്തിഷ്ക ക്ഷതം, മരണം എന്നിവയിലേക്ക് നയിക്കുന്നു. അതിനാൽ കാറിൽ ഉറങ്ങുമ്പോൾ എസി പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ദീർഘനേരം പ്രവർത്തിക്കുമ്പോൾ, എസി സിസ്റ്റം നിങ്ങളെയും നിങ്ങളുടെ കാറിനെയും അപകടത്തിലാക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഹീറ്റര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളില്‍ മാത്രമല്ല കാറിലും ഭീഷണി ഉയര്‍ത്തുന്ന ഈ വിഷവാതകം നിശബ്ദനായ കൊലയാളി എന്ന പേരിലാണ് അറിയപ്പെടുന്നത്.

  • കൂടുതല്‍ നേരം നിര്‍ത്തിയിട്ട വാഹനത്തില്‍ എസി ഓണാക്കി അടച്ചുമൂടി കിടക്കാതിരിക്കുക.
  • ദീര്‍ഘ ദൂര യാത്രയില്‍ ക്ഷീണം കാരണം മയങ്ങി പോവുകയാണെങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കും.
  • ഡോറുകള്‍ തുറന്നും, ഗ്ലാസുകള്‍ താഴ്ത്തിയും കാറിനുള്ളിലെ വായു സഞ്ചാരം ഉറപ്പാക്കുക.
  • കുട്ടികളെ വാഹനത്തിനുള്ളില്‍ പൂട്ടി എവിടേക്കും പോവാതിരിക്കുക.
Share
Leave a Comment