ഡൽഹിയിൽ വായു മലിനീകരണം നിയന്ത്രണവിധേയമായതോടെ സ്കൂളുകൾ വീണ്ടും തുറക്കുന്നു. നിലവിൽ, വായു നിലവാരം സൂചിക മെച്ചപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തിലാണ് നാളെ മുതൽ സ്കൂളുകൾ തുറക്കാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ, ഒരാഴ്ചത്തേക്ക് സ്കൂൾ അസംബ്ലികൾക്കും, ഔട്ട്ഡോർ കായിക പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വായു നിലവാരം അതിരൂക്ഷമായതിനെ തുടർന്ന് നവംബർ 9 മുതൽ 18 വരെ ഡൽഹിയിലെ മുഴുവൻ സ്കൂളുകൾക്കും സർക്കാർ ശൈത്യകാല അവധി നൽകുകയായിരുന്നു.
വായു മലിനീകരണത്തെ നേരിയ തോതിൽ പിടിച്ചുകെട്ടാൻ കഴിഞ്ഞതോടെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ പ്രകാരം, ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കും ഡൽഹിയിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഇന്നലെ വായു നിലവാര സൂചിക 128 പോയിന്റോളമാണ് താഴ്ന്നത്. ഇത് കണക്കിലെടുത്താണ് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിന്റെ നടപടി. വായു നിലവാരം ഗുരുതര വിഭാഗത്തിലായ നവംബർ 5നാണ് ഡൽഹിയിലെ മുഴുവൻ മേഖലകളിലും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഇക്കാലയളവിൽ കെട്ടിട നിർമ്മാണങ്ങൾക്ക് നിരോധനവും, മലിനീകരണം ഉണ്ടാക്കുന്ന അന്യസംസ്ഥാന ബസുകൾക്ക് ഡൽഹിയിലേക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തിയിരുന്നു.
Post Your Comments