മഞ്ചേശ്വരം: നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽ.ഡി.എഫ് സർക്കാരാണെന്ന് സദസ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. 2016-ന് മുന്‍പ് എല്ലാ മേഖലയിലും കേരളത്തിലെ ജനങ്ങൾ കടുത്ത നിരാശയിലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ്. സർക്കാർ തുടർന്നിരുന്നെങ്കിൽ ഇന്ന് കാണുന്ന പല മാറ്റങ്ങളും സംഭവിക്കുമായിരുന്നോ എന്നദ്ദേഹം ചോദിച്ചു. മഞ്ചേശ്വരം പൈവളിഗെയിൽ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നവകേരള സദസ്സ് തീർത്തും ഒരു സർക്കാർ പരിപാടിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽനിന്ന് എങ്ങനെയെങ്കിലും മറച്ചുവെക്കണം എന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാൽ ജനങ്ങൾ അതിനോടൊപ്പമില്ല. ജനങ്ങൾ അതിന്റെ കൂടെ അണിനിരക്കാനും തയ്യാറല്ല. കേരളത്തിലെ ദേശീയപാതാ വികസനം ഇനി നടക്കില്ല എന്ന് കരുതിയവരെല്ലാം ഇപ്പോൾ ആ വിശ്വാസത്തിൽ അല്ല’, മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുകയുമാണ് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിന്റെ ലക്ഷ്യം. കേരളത്തിലെ 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. സ്വാതന്ത്ര്യസമര സേനാനികൾ, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ,അവാർഡ് ജേതാക്കൾ, വിവിധ മേഖലകളിലെ പ്രമുഖർ, കലാകാരൻമാർ, സെലിബ്രിറ്റികൾ, തെയ്യം കലാകാരൻമാർ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും.
Post Your Comments