ചെന്നൈ: ഉത്സവ സീസണുകളിൽ പ്രത്യേക സർവീസ് നടത്താൻ വന്ദേ ഭാരത് ട്രെയിനുകൾ. സതേണ്‍ റെയ്ല്‍വേയാണ് ശബരിമല സീസണ്‍ ഉള്‍പ്പെടെയുള്ള ഉത്സവ സീസണുകള്‍ മുന്നില്‍ കണ്ട് പ്രത്യേക സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ചെന്നൈ, എഗ്മോര്‍ റെയില്‍വേ സ്റ്റേഷനും തിരുനെല്‍വേലിക്കും ഇടയിലാണ് പ്രത്യേക വന്ദേ ഭാരത് സര്‍വീസ് നടത്തുക. നവംബര്‍ 16, 23, 30 തീയതികളില്‍ ചെന്നൈ എഗ്മോറില്‍ നിന്ന് തിരുനെല്‍വേലിയിലേക്കുള സര്‍വീസ് നടക്കും. ഡിസംബറിലും ഇത് തുടരും. ഡിസംബര്‍ 7, 14, 21, 28 ദിവസങ്ങളിലായിരിക്കും സര്‍വീസ്.
എഗ്മോറില്‍ നിന്ന് രാവിലെ ആറുമണിക്ക് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 2.15ന് തിരുനെല്‍വേലിയിലെത്തും. തിരുനെല്‍വേലിയില്‍ നിന്ന് മൂന്ന് മണിക്ക് സര്‍വീസ് ആരംഭിച്ച് വൈകിട്ട് 11.15ന് ചെന്നൈ എഗ്മോറിലെത്തും. ആറ് സ്റ്റേഷനുകളിലാകും സ്റ്റോപ്പ് ഉണ്ടായിരിക്കുക. താംബരം, വില്ലുപുരം ജംഗ്ഷന്‍, തിരുച്ചിറപ്പള്ളി, ഡിണ്ടിഗല്‍, മധുര, വിരുദുനഗര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഇവയാണ്. എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്.
അതേസമയം, അയ്യപ്പ ഭക്തർക്കായി ചെങ്ങന്നൂരിലേക്ക് പ്രത്യേക ട്രെയിനുകൾ എത്തുമോയെന്നും യാത്രക്കാർ ഉറ്റുനോക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. തമിഴ്നാട്ടിൽ നിന്നും ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും ആയിരക്കണക്കിന് ഭക്തരാണ് മകരവിളക്ക് സീസണിൽ ശബരിമലയിലേക്കെത്തുന്നത്. നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മണ്ഡലകാലം ആരംഭിച്ചതോടെ ഈ തിരക്ക് ഇരട്ടിയോളം വർധിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ പ്രത്യേക ട്രെയിനുകൾ വന്നില്ലെങ്കിൽ യാത്രാദുരിതത്തിന് ഇടയായേക്കും. കോട്ടയത്തും ചെങ്ങന്നൂരും സ്റ്റോപ്പുകളനുവദിച്ച് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചാൽ യാത്രക്കാർക്ക് അത് ആശ്വാസമാകും.
Post Your Comments