പത്തനംതിട്ട: രണ്ട് കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി. റാന്നി ബ്ലോക്കുപടി വടക്കേടത്തു വീട്ടിൽ അതുൽ സത്യനെ(28)യാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയത്. റാന്നി പൊലീസ് ആണ് അതുലിനെ ഒരുവർഷത്തെ കരുതൽ തടങ്കലിലാക്കിയത്.
ക്രിമിനൽ കേസുകളിൽ ആറെണ്ണം ഉൾപ്പെടുത്തിയാണ് കാപ്പ പ്രകാരമുള്ള നിയമനടപടിക്കായി കരുതൽ തടങ്കലിനുള്ള ശുപാർശ പൊലീസ് കളക്ടർക്ക് സമർപ്പിച്ചത്. ഇതിൽ രണ്ട് കൊലപാതകക്കേസുകളും, കഞ്ചാവ് കേസും ഉൾപ്പെടുന്നു. എല്ലാ കേസുകളും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ്. ഇവയിൽ രണ്ടെണ്ണത്തിൽ വിചാരണ പൂർത്തിയാക്കി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു.
Read Also : പ്രാരംഭ ഓഹരി വിൽപ്പനയുമായി ടാറ്റ ടെക്നോളജീസ് രംഗത്ത്, നവംബർ 22 മുതൽ ആരംഭിക്കും
ഒപ്പമിരുന്ന് മദ്യപിച്ച സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന്, മർദ്ദിച്ചു കൊന്നതിന് രജിസ്റ്റർ ചെയ്തതാണ് ആദ്യത്തേത്. രണ്ടാമത്തെ കേസിനാസ്പദമായ സംഭവം ഈ വർഷം ജൂണിൽ ആണ് നടന്നത്. കൂടെ താമസിച്ചുവന്ന യുവതിയെ ഇയാൾ വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ മാതാപിതാക്കൾക്കും സഹോദരിക്കും പരിക്കേറ്റിരുന്നു.
ആലപ്പുഴയിലെ വള്ളികുന്നം പൊലീസ് സ്റ്റേഷൻ അതിർത്തികളിൽപ്പെട്ട സ്ഥലങ്ങളിലും, റാന്നി എക്സൈസ് റേഞ്ച് അതിർത്തിയിലും കേസുകളിൽ പ്രതിയായിട്ടുണ്ട്. തിരുവല്ല പൊലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി കാപ്പ പ്രകാരം നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് സമർപ്പിച്ചത്.
Post Your Comments