കേരളത്തില്‍ അവസാനം തൂക്കിക്കൊന്നത് റിപ്പർ ചന്ദ്രനെ, 32 വര്‍ഷം മുന്‍പ്; വധശിക്ഷയും കാത്ത് കിടക്കുന്നത് 21 പേര്‍

ആലുവയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് വധശിക്ഷ വിധിച്ചു. വധ ശിക്ഷക്കൊപ്പം അഞ്ച് ജീവപര്യന്തവും കോടതി വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. കോടതി വിധിയിൽ പ്രതികരിച്ച് രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിരുന്നു. വിധി അഭിനന്ദാർഹമാണെന്നായിരുന്നു ഭരണപക്ഷവും പ്രതിപക്ഷവും അഭിപ്രായപ്പെട്ടത്. ശിശു ദിനത്തിലും പോക്സോ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുണ്ട്.

അതേസമയം കേരളത്തില്‍ അവസാന വധശിക്ഷ നടപ്പിലാക്കിയത് 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1991 ജൂലൈ 6ന് ആയിരുന്നു അവസാന വധശിക്ഷ നടപ്പിലാക്കിയത്. റിപ്പര്‍ ചന്ദ്രനെ ആയിരുന്നു അന്ന് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. നിലവില്‍ കേരളത്തിലെ വിവിധ ജയിലുകളിലായി 21 പേരാണ് വധശിക്ഷ കാത്ത് കിടക്കുന്നത്.

കേരളത്തില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്നവരില്‍ 11 പേര്‍ പൂജപ്പുരയിലും 10 പേര്‍ കണ്ണൂര്‍, വിയ്യൂര്‍ ജയിലിലുമാണ് കഴിയുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ എഎസ്ഐ ജിതകുമാറും ഇക്കൂട്ടത്തിൽ ഉണ്ട്. പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം, ആലംകോട് മുത്തശ്ശിയെയും ചെറുമകളെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിനോ മാത്യു, ഒരുമനയൂര്‍ കൂട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ട റെജികുമാര്‍, കോളിയൂരില്‍ ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതി അനില്‍ കുമാര്‍ എന്നിവരും തൂക്കുകയർ കാത്തുകിടക്കുകയാണ്.

മവേലിക്കരയില്‍ പിഞ്ചുകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഷെരീഫ്, മകളുടെ 9 വയസുകാരിയായ കൂട്ടുകാരിയെ കൊലപ്പെടുത്തിയ നാസര്‍, സ്ത്രീയെ പീഡിപ്പിച്ചു കൊന്ന അബ്ദുല്‍ നാസര്‍, കുണ്ടറ ആലീസ് വധകേസിലെ പ്രതി ഗിരീഷ്‌കുമാര്‍, അമ്മയുടെ കണ്‍മുന്നില്‍ 2 പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തോമസ് ചാക്കോ, പീരുമേട്ടില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറി അമ്മയെയും മകളെയും പീഡിപ്പിച്ച ചെയ്തശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന്‍ തുടങ്ങി മറ്റുള്ളവരും വധശിക്ഷ കാത്തുകിടക്കുന്നവരാണ്.

Share
Leave a Comment