തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് വാഹന സ്പെയർപാർട്സ് കടയിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. നിരവധി മോഷണ കേസുകളിലെ പ്രതിയായ നെയ്യാറ്റിൻകര ആറയൂർ സ്വദേശിയായ ഷൈജു (29) ആണ് പിടിയിലായത്. വില കൂടിയ ഹെൽമറ്റുകളും 25000 ത്തോളം രൂപയുമാണ് മോഷണം പോയത്.
ഒക്ടോബര്‍ 13ന് ഒറ്റാമരത്തുള്ള വാഹന സ്പെയർപാർട്സ് കടയുടെ മേൽക്കൂര തകർത്താണ് മോഷ്ടാവ് പിടികൂടിയത്. പൊഴിയൂർ പൊലീസ് സ്റ്റേഷനിലെ മറ്റൊരു മോഷണ കേസിൽ ജയിലായിരുന്ന പ്രതി റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് കളിയിക്കാവിളയിൽ മോഷണം നടത്തിയത്. മോഷണ സ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളമാണ് പ്രതിയെ കുടുക്കിയത്.
മോഷണം നടത്തി കിട്ടുന്ന പണം തീരുന്നതു വരെ ഒളിവിൽ കഴിയുകയും പണം തീർന്നു കഴിഞ്ഞാൽ അടുത്ത മോഷണം നടത്തുന്നതുമാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഷൈജു പൊഴിയൂരിൽ ഉണ്ടെന്ന് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പാറശ്ശാല ഇൻസ്പെക്ടർ സജിയുടെ നേതൃത്വത്തിൽ എസ്ഐ രാജേഷും സംഘവുമാണ് ഷൈജുവിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
Post Your Comments