ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്സ് എഐ വികസിപ്പിച്ച ആദ്യ എഐ മോഡൽ ഗ്രോക്കിന് മികച്ച പ്രതികരണം. ചാറ്റ്ജിപിടി, ഗൂഗിൾ ബാർഡ് എന്നിവയ്ക്ക് ബദലായാണ് ഇലോൺ മസ്ക് ഗ്രോക്ക് എന്ന എ ഐ മോഡൽ പുറത്തിറക്കിയത്. നിലവിലുള്ള മോഡലുകളെക്കാൾ നൂതനമായ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ഗ്രോക്കിന് രൂപം നൽകിയത്. നിലവിൽ, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമായി ഗ്രോക്ക് ബീറ്റ ടെസ്റ്റിംഗിന് വിധേയമാക്കിയിട്ടുണ്ട്. ഇവ വിജയകരമാകുന്നതോടെ എക്സ് പ്രീമിയം പ്ലസ് വരിക്കാർക്ക് ലഭ്യമാക്കുന്നതാണ്.
ചാറ്റ്ജിപിടിക്ക് സമാനമായ രീതിയിൽ, ചോദ്യങ്ങൾക്ക് സംഭാഷണ രീതിയിൽ മറുപടി നൽകുന്ന ചാറ്റ്ബോട്ടാണ് ഗ്രോക്കും. ഇന്റർനെറ്റ് ബ്രൗസിംഗ് സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ വിവരങ്ങൾ നൽകാൻ ഗ്രോക്കിന് സാധിക്കുന്നതാണ്. അതേസമയം, സമൂഹത്തിന് അപകടം ഉണ്ടാക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് ഗ്രോക്ക് മറുപടി നൽകില്ലെന്ന് മസ്ക് അറിയിച്ചിട്ടുണ്ട്.
Also Read: പിരിച്ചുവിടലിന്റെ സൂചനകൾ നൽകി റിലയൻസ്, പ്രധാനമായും ബാധിക്കുക ഈ സ്റ്റാർട്ടപ്പ് വിഭാഗത്തെ
ഓപ്പൺഎഐ വികസിപ്പിച്ചെടുത്ത ചാറ്റ്ജിപിടി ജനശ്രദ്ധ നേടി ഒരു വർഷത്തിനുശേഷമാണ് ഇലോൺ മസ്ക് സ്വന്തം എഐ മോഡൽ അവതരിപ്പിക്കുന്നത്. 2015-ൽ മസ്കിന്റെ കൂടി പങ്കാളിത്തത്തിലാണ് ഓപ്പൺഎഐ പ്രവർത്തനം ആരംഭിച്ചതെങ്കിലും, പിന്നീട് 2018-ൽ കമ്പനിയുടെ ബോർഡ് അംഗത്വത്തിൽ നിന്ന് മസ്ക് രാജിവയ്ക്കുകയായിരുന്നു.
Post Your Comments