പമ്പ: പതിനാലുകാരിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം മൂന്നുവർഷമായി കാട്ടിൽ ഒളിവിൽ താമസിച്ചുവന്ന ഇടുക്കി മഞ്ചുമല സ്വദേശി അറസ്റ്റിൽ. വണ്ടിപ്പെരിയാർ സത്രത്തിൽ ജോയി(സുരേഷ് -26)യാണ് പൊലീസ് പിടിയിലായത്. പമ്പ പൊലീസ് ആണ് പിടികൂടിയത്.
2020 നവംബർ 22-ന് വെളുപ്പിന് പ്രാഥമിക ആവശ്യത്തിനായി വീടിന് പുറത്തിറങ്ങിയ പെൺകുട്ടിയെ, പതുങ്ങി നിന്ന ജോയിയും സുഹൃത്ത് വണ്ടിപ്പെരിയാർ സത്രം സ്വദേശി രതീഷും ചേർന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒന്നാം പ്രതിയായ ജോയി കുട്ടിയുടെ മുഖം പൊത്തി ബലമായി പിടിച്ച് രതീഷിന്റെ സഹായത്തോടെയാണ് കാറിൽ കയറ്റി വണ്ടിപ്പെരിയാറുള്ള ഇയാളുടെ വീട്ടിൽ എത്തിച്ചത്. തുടർന്ന്, 2021 സെപ്റ്റംബർ ആറുവരെയുള്ള കാലയളവിൽ വനത്തിനുള്ളിൽ വെച്ചും പീഡിപ്പിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായി.
Read Also : എ ഐ ക്യാമറ: പുക പരിശോധനാ സർട്ടിഫിക്കറ്റിന് പിഴ കുടിശ്ശിക ബാധകമാക്കുമെന്ന് ഗതാഗത മന്ത്രി
കുട്ടിയുടെ ബന്ധു സംഭവദിവസം രാവിലെ പമ്പ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതിനെത്തുടർന്ന്, എസ്.ഐ രാജശേഖരൻ ഉണ്ണിത്താൻ കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് റാന്നി ഡിവൈ.എസ്.പി അന്വേഷണം ഏറ്റെടുത്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകലിനും ദേഹോപദ്രവം ഏൽപിച്ചതിനും പീഡനത്തിനും പോക്സോ നിയമമനുസരിച്ചുള്ള വകുപ്പുകളും ബാലനീതി നിയമത്തിലെ വകുപ്പും കേസിൽ കൂട്ടിച്ചേർത്തു. കുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി. ഇതിനിടെയാണ് ആദിവാസി മലമ്പണ്ടാരം വിഭാഗത്തിൽപെട്ട ജോയിയെ താമസസ്ഥലത്തുനിന്ന് പിടികൂടിയത്. പമ്പ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കുമാർ, എസ്.ഐമാരായ സുഭാഷ്, വിമൽ, സി.പി.ഒമാരായ രതീഷ് കുമാർ, അരുൺ ദേവ്, നിവാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
റാന്നി ഡിവൈ.എസ്.പി ആർ ബിനുവിന്റെ നേതൃത്വത്തിൽ ഊർജിതമായി നടന്നുവന്ന അന്വേഷണത്തിനൊടുവിലാണ് ജോയി പിടിയിലായത്. അതേസമയം, കേസിലെ രണ്ടാം പ്രതി രതീഷ് ഒളിവിൽ തുടരുകയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments