ആലുവ: ആലുവയിൽ അന്യമതസ്ഥനായ സഹപാഠിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിൽ പിതാവ് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച മകൾ മരിച്ചു. 14കാരിയാണ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്.
സംഭവത്തിൽ കരുമാലൂർ സ്വദേശിയായ പിതാവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിതാവിന്റെ ക്രൂരമർദനവുമേറ്റ കുട്ടി അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മകൾ അന്യമതസ്ഥനായ സഹപാഠിയുമായി പ്രണയത്തിലാണെന്ന് പിതാവ് മനസിലാക്കിയിരുന്നു. ഇത് എതിർത്തു. കഴിഞ്ഞ ദിവസം മകളുടെ കൈയിൽനിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. ഇത് അടുപ്പക്കാരനായ വിദ്യാർഥി നൽകിയതാണെന്ന ധാരണയിൽ പിതാവ് ആൺകുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചിരുന്നു. തുടർന്ന് വീട്ടിലെത്തി ഇതേച്ചൊല്ലി വഴക്കായി. കുട്ടിയുടെ മാതാവിനേയും ഇളയ മകനേയും വീടിന് പുറത്താക്കി പെൺകുട്ടിയെ പിതാവ് കമ്പിവടികൊണ്ട് ക്രൂരമായി മർദ്ദിച്ച ശേഷം മകനുമായി പുറത്തേക്കു പോയി.
മാതാവ് അകത്തു കയറി നോക്കിയപ്പോൾ പെൺകുട്ടിയുടെ വായിൽ വിഷം ചെന്നതായി മനസിലാക്കി. ഉടനെ വായ കഴുകിച്ചെങ്കിലും പെൺകുട്ടി തുടരെ ഛർദിച്ചു. തുടർന്ന് ആരോഗ്യ നില വഷളായി. ഉടനെ പിതാവിനെ വിളിച്ചു വരുത്തി ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മകൾ വിഷക്കുപ്പി കടിച്ചു തുറന്നപ്പോൾ വായിൽപ്പോയതാണെന്നാണ് പിതാവ് ഡോക്ടർമാരോട് പറഞ്ഞത്. ഇതനുസരിച്ചുള്ള വിവരം ആശുപത്രി അധികൃതർ ആലുവ പോലീസിന് കൈമാറി.
എന്നാൽ സംഭവം നടന്ന സ്റ്റേഷൻ പരിധി ആലങ്ങാട് ആയതിനാൽ ആലുവ പോലീസ് അന്വേഷണച്ചുമതല ആലങ്ങാട് പോലീസിന് കൈമാറുകയായിരുന്നു. ഇവർ ആശുപത്രിയിലെത്തി പെൺകുട്ടിയുമായി സംസാരിച്ചപ്പോഴാണ് പിതാവ് കമ്പി വടിക്ക് അടിച്ച ശേഷം തന്റെ വായിലേക്ക് പുല്ലിനടിക്കുന്ന വിഷം ഒഴിച്ചതായി മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ ശരീരമാസകലം മർദനമേറ്റതിന്റെ പാടുണ്ടായിരുന്നു.
Post Your Comments