Latest NewsKeralaNews

കണ്ണൂരിൽ ഇതാ ഒരു ‘ഹാച്ചിക്കോ’; യജമാനൻ മരിച്ചതറിയാതെ 4 മാസമായി കാത്തിരിക്കുന്ന രാമു – നൊമ്പരയ്ക്കാഴ്ച

കണ്ണൂർ: ഹാച്ചിക്കോ എന്ന ഹോളിവുഡ് സിനിമ കണ്ടവർ ആരും അതിലെ നായയെ മറക്കാൻ ഇടയില്ല. യജമാനനെ കാത്തിരിക്കുന്ന നായ ആണ് ഹാച്ചിക്കോ. ഒരിക്കൽ യാത്ര പറഞ്ഞ് പോയ ഉടമ തിരികെ വരാതെ ആയി, യാത്രാമധ്യേ അദ്ദേഹം മരണപ്പെടുകയാണ്. എന്നാൽ, ഇതൊന്നും അറിയാതെ ഹാച്ചി എന്ന ആ നായ കാത്തിരുന്നത് വർഷങ്ങളാണ്. ഒടുവിൽ അന്ത്യം. ഈ സിനിമയെ ഓർമിപ്പിക്കുന്ന ഒരു സംഭവമാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിക്ക് പുറത്ത് നടക്കുന്നത്. മാസങ്ങളായി ഒരു നായ ഇവിടെ ഇരുപ്പുറപ്പിച്ചിരിക്കുകയാണ്, മരിച്ചുപോയ തന്റെ യജമാനൻ തിരികെ വരുന്നതിനായി.

മൂന്ന് നാല് മാസം മുമ്പാണ് മോർച്ചറി വളപ്പിൽ നായ കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടക്കത്തിൽ, നായയെ ഏതെങ്കിലും വീട്ടിൽ നിന്ന് കാണാതായിരിക്കാമെന്ന് കരുതി അവർ അതിനെ പരിപാലിച്ചു. അതിന് ‘രാമു’ എന്ന് പേരിട്ടു. ഓരോ തവണയും മോര്‍ച്ചറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേൾക്കുമ്പോൾ തല പൊക്കി വാലാട്ടി വാതില്‍പ്പടി വരെ ചെല്ലും. ഇതോടെയാണ് അവൻ ആരെയോ പ്രതീക്ഷിച്ച് കഴിയുകയാണെന്ന് മനസിലായത്. വിശപ്പും ദാഹവും ഇല്ല. മറ്റ് നായ്ക്കൾക്കൊപ്പം ചങ്ങാത്തമോ അടുപ്പമോ ഇല്ല. നാല് മാസമായി ഒരേ കിടപ്പാണ്. മോർച്ചറിക്ക് മുന്നിലെ വരാന്തയിൽ ഒറ്റ കിടപ്പാണ്.

നാല് മാസം മുൻപ് ആരൊക്കെയോ ചേർന്ന് അകത്തേക്ക് കൊണ്ടു പോയ തന്റെ യജമാനനെ കാത്താണ് നായയുടെ സങ്കടം നിറഞ്ഞ ഈ കിടപ്പ്. എന്നാൽ തന്റെ യജമാനൻ മരിച്ചു പോയതറിയാതെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഈ നായ. മോര്‍ച്ചറിയിലേക്ക് കൊണ്ടു വന്ന യജമാനന്റെ മൃതദേഹം പിന്‍വാതിലിലൂടെ കൊണ്ടുപോയതും നായ അറിഞ്ഞുകാണില്ല. മോർച്ചറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് വരുന്നത് തന്റെ യജമാനൻ അല്ലെന്ന് അറിയുന്നതോടെ തിരികെ വന്ന് അവിടെയങ്ങ് ചുരുണ്ടുകൂടും.

മോർച്ചറി ജീവനക്കാർ കയ്യിൽവച്ചു നൽകുന്ന ഭക്ഷണം മാത്രമാണ് ആശ്രയം. വലതുചെവിക്ക് അരികിലായി കഴുത്തിൽ മുറിവ് തുന്നിയത് പോലൊരു പാടുണ്ട്. ആർക്കും ശല്യമില്ല, ആരോടും പരിഭവമില്ല. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആശുപത്രി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ രാമുവിന്റെ ചിത്രം പതിഞ്ഞതോടെയാണ് ഇവനെ പുറംലോകം ശ്രദ്ധിച്ചു തുടങ്ങിയത്. നായയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞ് ഉടമസ്ഥര്‍ രാമുവിനെ കൂട്ടിക്കൊണ്ടു പോകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി ജീവനക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button