ന്യൂഡല്‍ഹി: അതിവേഗ പാതകളില്‍ വേഗത കുറഞ്ഞ വാഹനങ്ങള്‍ നിരോധിക്കണമെന്ന് നിര്‍ദ്ദേശം. ട്രാഫിക് പോലീസിനാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. എക്സ്പ്രസ് വേകളില്‍ വേഗത കുറച്ച് വാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ലെന്നും നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്.
Read Also: സംസ്ഥാന സര്‍ക്കാരിന്റെ കേരള ജ്യോതി പുരസ്കാരം ടി പത്മനാഭന്
ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നത് ഒരു നിയമം എന്നതിലുപരി യാത്രക്കാരുടെ സുരക്ഷയ്ക്കും വാഹന ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയാണെന്ന് കോടതി വ്യക്തമാക്കി. ഇരുചക്രവാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍, ട്രാക്ടറുകള്‍ തുടങ്ങിയവ അതിവേഗ പാതയിലൂടെ സഞ്ചരിക്കുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ഗതാഗതം സുരക്ഷിതമായി നടക്കാന്‍ അധികാരികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഗുരുഗ്രാം സ്വദേശി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഡല്‍ഹി-ഗുരുഗ്രാം എക്സ്പ്രസ് വേയില്‍ കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉള്ളതെന്നും ഇത് അപകട സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. 2017 നും 2022 നും ഇടയില്‍ ഡല്‍ഹി-ഗുരുഗ്രാം എക്സ്പ്രസ് വേയില്‍ 137 അപകടങ്ങളും 31 മരണങ്ങളും ഉണ്ടായതായി ഹര്ജിക്കാരന് കോടതിയെ അറിയിച്ചു.
Post Your Comments