തലശ്ശേരി: ഗര്‍ഭിണിയായ ഭാര്യയെ കിടപ്പുമുറിയില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരിവേരിയിലെ കണ്ണോത്ത് ഹൗസില്‍ കെ.സി. അരുണിനെ(43)യാണ് കോടതി ശിക്ഷിച്ചത്. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി എ.വി. മൃദുലയാണ് ശിക്ഷ വിധിച്ചത്.
ഗര്‍ഭിണിയെ കൊലപ്പെടുത്തിയതിന് 10 വര്‍ഷം അധിക തടവുമുണ്ട്. എന്നാല്‍, ശിക്ഷ ജീവപര്യന്തമായി ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കിൽ നാലുമാസം അധികതടവ് അനുഭവിക്കണം.
Read Also : ‘ചീത്ത തന്ത്രം’: ആപ്പിളിന്റെ ‘ഹാക്കിംഗ്’ അലേർട്ടിലെ ജോർജ്ജ് സോറോസിന്റെ ബന്ധം ചൂണ്ടിക്കാണിച്ച് ബിജെപി
ചക്കരക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വലിയന്നൂരിലെ ബീനാലയത്തില്‍ ബിജിന(24)യാണ് കൊല്ലപ്പെട്ടത്. ഒരു മൃഗത്തോടും കാണിക്കാത്ത ക്രൂരതയാണ് പ്രതി ബിജിനയോട് കാണിച്ചതെന്ന് ജഡ്ജി വിധിന്യായത്തിനിടെ പറഞ്ഞു.
2012 ജൂലൈ മൂന്നിന് രാവിലെ പത്തരയോടെയാണ് കേസിനാസ്പദ സംഭവം നടന്നത്. മൂന്നുമാസം ഗര്‍ഭിണിയായിരുന്ന ബിജിനയെ കിടപ്പുമുറിയില്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ചികിത്സക്കിടയില്‍ അന്ന് വൈകീട്ട് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വെച്ച് മരിച്ചു. സംഭവത്തിന് രണ്ടു വർഷം മുമ്പാണ് ബിജിനയും അരുണും വിവാഹിതരായത്.
ബിജിനയുടെ സഹോദരന് പി.കെ. ജയരാജന്റെ പരാതിയിലാണ് ചക്കരക്കല്ല് പൊലീസ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ല ഗവ.പ്ലീഡര്‍ കെ. അജിത്ത്കുമാര്‍ ഹാജരായി.
Post Your Comments