ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിലേക്ക് മടങ്ങി മുതിർന്ന നേതാവ് കെ രാജഗോപാൽ റെഡ്ഡി. കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്ന രാജഗോപാൽ റെഡ്ഡി, വീണ്ടും കോൺഗ്രസിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചു. പ്രവർത്തകരുടെ ആവശ്യപ്രകാരമാണ് തിരികെ പോകാനുള്ള തീരുമാനമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
തെലങ്കാനയിലെ കെ ചന്ദ്രശേഖർ റാവു സർക്കാരിനെ വെട്ടിലാക്കുക എന്ന ലക്ഷ്യത്തിലാണ് താൻ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോയതെന്നും ജനങ്ങളുടെ മാനസികാവസ്ഥ ഇക്കുറി കോൺഗ്രസിന് അനുകൂലമാണെന്നും റെഡ്ഡി പറഞ്ഞു.
തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാൽ, പട്ടികയിൽ രാജഗോപാൽ റെഡ്ഡിയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് തിരികെ കോൺഗ്രസിലേക്ക് മടങ്ങാൻ അദ്ദേഹം തയ്യാറെടുക്കുന്നതെന്നാണ് ലഭ്യമായ വിവരം. 2018ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മുനുഗോഡ് മണ്ഡലത്തിൽ നിന്നും കൂറ്റൻ വിജയം നേടിയ രാജഗോപാൽ റെഡ്ഡി 2022 ൽ നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു.
തുടർന്ന് അവിടെ ഉപതിരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസിന്റെ ശക്തി കേന്ദ്രത്തിൽ രാജഗോപാല റെഡ്ഡിയെ തന്നെ ഇറക്കി മണ്ഡലം പിടിക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. എന്നാൽ, ബിജെപിയുടെ എല്ലാ പ്രതീക്ഷകളേയും നിലംപരിശാക്കി 10,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചന്ദ്രശേഖര റാവുവിന്റെബി ആർ എസിന്റെ കെ പ്രഭാകർ റെഡ്ഡി ആയിരുന്നു കോൺഗ്രസിൽ നിന്നും മണ്ഡലം പിടിച്ചെടുത്തത്. 10,309 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രഭാകർ റെഡ്ഡി വിജയിച്ചത്.
Post Your Comments