ദീപാവലി ആഘോഷങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് മധുരപലഹാരങ്ങൾ. അതുകൊണ്ടുതന്നെ ദീപാവലി വേളയിൽ ഓരോ വീടുകളിലും വ്യത്യസ്ഥ തരത്തിലുള്ള മധുരപലഹാരങ്ങളാണ് ഉണ്ടാക്കാറുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് രസഗുള. ഇന്ത്യയൊട്ടാകെ നിരവധി ആരാധകരാണ് രസഗുളയ്ക്ക് ഉള്ളത്. രസ അഥവാ രുചി, ഗുള അഥവാ പന്ത് എന്ന ആകൃതി എന്നീ വാക്കുകളിൽ നിന്നാണ് രസഗുളയെന്ന പേര് രൂപം കൊണ്ടത്.
കിഴക്കൻ ഇന്ത്യയിലാണ് രസഗുള എന്ന മധുരപലഹാരത്തിന്റെ ഉത്ഭവം. പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ലക്ഷ്മി ദേവിക്കുള്ള നവരാത്രി പ്രസാദമായും രസഗുള നൽകാറുണ്ട്. ഉത്സവവേളയിൽ തയ്യാറാക്കാവുന്ന ഏറ്റവും മികച്ച വിഭവം കൂടിയാണിത്. രസഗുള എങ്ങനെ തയ്യാറാക്കണമെന്ന് പരിചയപ്പെടാം.
ആവശ്യമായ ചേരുവകൾ
പാല്- 3 ലിറ്റർ
നാരങ്ങാനീര്- അര മുറി
പഞ്ചസാര- 1 കപ്പ്
വെള്ളം- 5 കപ്പ്
ഏലക്കായ ചതച്ചത്- 8 എണ്ണം
കുങ്കുമപ്പൂവ്- അൽപം
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തിൽ പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. പാൽ തിളയ്ക്കുമ്പോൾ തന്നെ അതിലേക്ക് നാരങ്ങാനീര് ചേർക്കാവുന്നതാണ്. ഇത് ചേർക്കുമ്പോൾ പാൽ പിരിഞ്ഞുവരും. പാൽ പൂർണമായും പിരിഞ്ഞുവന്നതിനുശേഷം ഒരു അരിപ്പയിലേക്ക് അരിച്ചെടുക്കുക. തുടർന്ന് നല്ല വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് വീണ്ടും നന്നായി അരിച്ചെടുക്കുക. ശേഷം ഇതിലേക്ക് നല്ലതുപോലെ തണുത്ത വെള്ളം ഒഴിച്ചുകൊടുക്കാവുന്നതാണ്. വീണ്ടും നന്നായി പിഴിഞ്ഞെടുക്കണം.
പിന്നീട് ഇതിലെ വെള്ളം ഊർന്നു പോകുന്നതിനായി ഒരു മണിക്കൂർ വയ്ക്കേണ്ടതാണ്. ശേഷം ഈ പാൽക്കട്ടി, തുണിയിൽ നിന്ന് മാറ്റി കുഴച്ചു വയ്ക്കുക. ഇതുകൊണ്ട് ഇഷ്ടമുള്ള വലുപ്പത്തിൽ ഉരുളകൾ ഉണ്ടാക്കുക. ഒരു വലിയ പാത്രത്തിലേക്ക് അൽപം പഞ്ചസാരയും വെള്ളവും ഏലക്കയും കൂടി മിക്സ് ചെയ്ത് നല്ലതുപോലെ തിളപ്പിക്കേണ്ടതാണ്. ഈ മിശ്രിതം നന്നായി തിളക്കുമ്പോൾ ഉരുട്ടി വെച്ചിരിക്കുന്ന പാൽക്കട്ടികൾ ഇതിലേക്ക് ഇടുക. രുചി അൽപം കൂട്ടുന്നതിനായി നട്സ്, കുങ്കുമപ്പൂവ് എന്നിവ ആവശ്യാനുസരണം ചേർക്കുക. മധുരമൂറും രസഗുള തയ്യാർ. തയ്യാറാക്കി 20 മിനിറ്റിനു ശേഷം ഇവ കഴിക്കാവുന്നതാണ്.
Post Your Comments