ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പണം വാങ്ങിയെന്ന ബിജെപി ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രക്ക് പിന്തുണയുമായി സിപിഐഎംഎല്‍. മഹുവ മൊയിത്രയെ വ്യക്തിഹത്യ ചെയ്യാനുള്ള ബിജെപി ശ്രമമാണ് നടക്കുന്നതെന്ന് സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ഭീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.
പരാതിക്കാരനായ ബിജെപി എംപി നിഷ്‌കാന്ത് ദുബെ പതിവായി പാര്‍ലമെന്റില്‍ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണെന്നും വ്യവസായിയായ ദര്‍ശന്‍ ഹിരാനന്ദാനി ദുബെയുടെ ആയുധം മാത്രമാണെന്നും ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.
അദാനി ഗ്രൂപ്പിനെകുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ ഹിരനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരനന്ദാനിയില്‍ നിന്നും മഹുവ പണം വാങ്ങിയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ദുബെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതി നല്‍കുകയായിരുന്നു. അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രായിയെ ഉദ്ധരിച്ചാണ് നിഷികാന്ത് ദുബെ പരാതി നല്‍കിയത്.
വിഷയത്തില്‍ ഈ മാസം 26ന് ഹാജരാകാന്‍ ജയ് ആനന്ദിനും നിഷികാന്ത് ദുബെയ്ക്കും എത്തിക്‌സ് കമ്മിറ്റി നോട്ടിസ് നല്‍കിയിട്ടുണ്ട്. അതേസമയം മഹുവയെ പാർട്ടിയും കയ്യൊഴിഞ്ഞതായാണ് സൂചന. പാർട്ടി നിരീക്ഷിച്ചു വരികയാണെന്നും ഇപ്പോൾ പ്രതികരിക്കാനില്ലെന്നുമാണ് അവരുടെ പക്ഷം.
Post Your Comments