ക്യാരി ബാഗിന് ഈടാക്കിയത് 20 രൂപ, പിഴ ഒടുക്കിയത് 150 ഇരട്ടി തുക! ഉപഭോക്തൃ പരാതിയിൽ വെട്ടിലായി ഈ വിദേശ കമ്പനി

ബെംഗളൂരു ശാന്തിനഗർ അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് കേസ് പരിഗണിച്ചത്

കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പലപ്പോഴും ക്യാരി ബാഗുകൾ ലഭിക്കാറുണ്ട്. ഇത്തരത്തിൽ പേപ്പർ ബാഗിന് ഉപഭോക്താവിൽ നിന്ന് 20 രൂപ ഈടാക്കിയ ഒരു സ്വീഡിഷ് ഫർണിച്ചർ കമ്പനിക്ക് 3000 രൂപ പിഴ ചുമത്തിയിരിക്കുകയാണ് കോടതി. ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് ഫർണിച്ചർ റീട്ടെയിലറായ ഐകിയ എന്ന കമ്പനിക്കാണ് പിഴ ചുമത്തിയത്. ഉപഭോക്താവിന് പണം തിരികെ നൽകാനും, പേപ്പർ ബാഗിന് 20 രൂപ ഈടാക്കിയതിന് നഷ്ടപരിഹാരമായി 3,000 രൂപ നൽകാനും ഉപഭോക്തൃ കോടതി ഉത്തരവിട്ടു. 20 രൂപ പലിശ സഹിതവും, നഷ്ടപരിഹാരമായി 1,000 രൂപയും, വ്യവഹാര ചെലവുകൾക്കായി 2,000 രൂപയും നൽകാനാണ് കോടതി ഉത്തരവിട്ടത്.

ബെംഗളൂരു ശാന്തിനഗർ അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് കേസ് പരിഗണിച്ചത്. 2022 ഒക്ടോബർ ആറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഗീത ബൊഹ്റ എന്ന ഉപഭോക്താവ് ഐകിയയുടെ നാഗസാന്ദ്ര ബ്രാഞ്ചിൽ നിന്ന് സാധനങ്ങൾ വാങ്ങിയപ്പോൾ, അവ കൊണ്ടുപോകാൻ ക്യാരി ബാഗ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, കമ്പനിയുടെ ലോഗോ പതിപ്പിച്ച ക്യാരി ബാഗിന് 20 രൂപയാണ് ഉപഭോക്താവിൽ നിന്നും ഈടാക്കിയത്. സ്ഥാപനത്തിന്റെ നടപടി അന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഇത്തരത്തിൽ ലോഗോ പ്രിന്റ് ചെയ്ത് ബാഗിന് പണം ഈടാക്കുന്നത് ന്യായമല്ലെന്ന് കോടതി നിരീക്ഷിക്കുകയും, സ്ഥാപനത്തിന് പിഴ ചുമത്തുകയുമായിരുന്നു.

Also Read: രാജ്യത്തെ ഈ 5 നഗരങ്ങൾ ഇനി സ്കൈ ബസിൽ ചുറ്റിക്കാണാം, പുതിയ പദ്ധതിയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം

Share
Leave a Comment