കൊല്ലം: മാത്യു കുഴൽനാടൻ എംഎൽഎ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന ആരോപണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. മാത്യു കുഴൽനാടന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് കിട്ടേണ്ട ജിഎസ്ടി വിഹിതം സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ടെന്നും ജിഎസ്ടി വരുന്നതിന് മുൻപുള്ള സർവീസ് ടാക്സുകൾ കേന്ദ്രമാണ് കൈകാര്യം ചെയ്തിരുന്നതെന്നും ബാലഗോപാൽ വ്യക്തമാക്കി.
മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം നേതാക്കളുടെ ആവശ്യം തള്ളി മാത്യു കുഴൽനാടൻ എംഎൽഎ തിങ്കളാഴ്ച രംഗത്ത് എത്തിയിരുന്നു. താൻ ചോദിച്ചതിനല്ല ധനവകുപ്പിൽ നിന്ന് മറുപടി കിട്ടിയതെന്നും വീണാ വിജയൻ കൈപ്പറ്റിയ പണത്തെക്കുറിച്ച് ധനവകുപ്പിന്റെ കത്തിൽ പറയുന്നില്ലെന്നും കുഴല്നാടന് ചൂണ്ടിക്കാട്ടി.
ധനവകുപ്പിൻ്റേത് കത്തല്ല, കാപ്സ്യൂൾ മാത്രമാണെന്നും കത്തിലെ പരാമർശം എക്സാലോജിക് വാങ്ങിയ പണത്തെ കുറിച്ച് മാത്രമാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ജിഎസ്ടിയല്ല വീണ കൈപ്പറ്റിയ മാസപ്പടിയാണ് വിഷയമെന്നും ധനമന്ത്രിയുടെ കത്ത് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
Post Your Comments